മഹാമാരിക്കിപ്പുറം തളിർക്കുന്ന ക്യാമ്പസുകൾ
കോളേജുകൾ തുറന്നു; നിയന്ത്രണങ്ങൾക്കിടയിലും ക്യാമ്പസിൽ തളിരിട്ട് സൗഹൃദങ്ങൾ
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: കൊവിഡിൻ്റെ ദുരിതകാലത്തെ അതിജീവിച്ച് ക്യാമ്പസുകൾ വീണ്ടും ഉണർന്നു. കോളേജിൻ്റെ ഇടനാഴികളിലും കാറ്റാടി മരച്ചോടുകളിലും ഒഴിഞ്ഞ ക്ലാസ് മുറികളിലും വിദ്യാർത്ഥിക്കൂട്ടങ്ങൾ കളിയും ചിരിയുമായി വീണ്ടും നിറഞ്ഞു. നീണ്ട സുഷ്പ്തിയുടെ തോട് പൊട്ടിച്ച് പുറത്ത് വന്ന ചിത്രശലഭങ്ങളെ പോലെ അവർ കാമ്പസിൽ പാറി പറന്ന് നടന്നു.ഏറെ നാളായി കണ്ണി മുറിഞ്ഞ സൗഹൃദ സമാഗമങ്ങളുടെ സന്തോഷത്താൽ പലരും തമ്മിൽ പുണർന്ന് വിതുമ്പുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ രാവിലെ മുതൽ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ കലാലയത്തിലേക്ക് സ്വീകരിച്ചു.
തിരിച്ചു കിട്ടിയ കലാലയ ജീവിതത്തിൽ അത്യധികം സന്തോഷത്തിലാണ് കുട്ടികൾ
എങ്കിലും വിദ്യാർത്ഥികൾക്ക് കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്ന് എസ് എഫ് ഐ യൂനിറ്റ് പ്രസിഡണ്ട് ആദിത്യ വി വ്യക്തമാക്കി
. ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതമാണ് ഇരിക്കുന്നത്. അവസാന വർഷവും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങിയിരിക്കുന്നത് രാവിലെ 9 മണി മുതൽ 3.30 വരെയാണ് ക്ലാസ് സമയമെന്നും പ്രിൻസിപ്പാൾ ഡോ.കെ.എസ് സുരേഷ് കുമാർ അറിയിച്ചു.
മഹാമാരി വീട്ടിലിരുത്തിയ അവധിക്കാല വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. കോളേജിൻ്റെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസറും താപനില പരിശോധിക്കുന്നതിനായി തെർമൽ സ്കാനറും ക്രമീകരിച്ചിരുന്നു. കൃത്യമായി മാസ്ക് ധരിച്ചാണ് എല്ലാവരും എത്തിയത്. മാസ്ക്കിട്ടായാലും വേണ്ടില്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു പലരുടേയും മുഖത്ത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മൊട്ടുക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവ അണുവിമുക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കുന്നുമുണ്ട്.
ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് ലഭിക്കത്തക്ക രീതിയിൽ ഓഫ്ലൈൻ, ഓൺലൈൻ ക്ലാസുകൾ സമ്മിശ്ര രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ടൈംടേബിൾ തയ്യാറാക്കിയിട്ടുമുണ്ട്. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകൾ ഓൺലൈനിൽ തുടരുമെന്നും കോളേജധികൃതർ വ്യക്തമാക്കി