ജില്ലയിലെ ആദ്യത്തെ കുടുംബശ്രി ഓക്സിലറി ഗ്രൂപ്പിന് പൊയിനാച്ചിയിൽ തുടക്കമായി.
പൊയിനാച്ചി:
യുവതികളുടെ സാമൂഹിക സാംസ്ക്കാരിക ഉപജീവന ഉന്നമനത്തിന് പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഓക്സിലറി സംവിധാനത്തിന് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തുടക്കം കുറിച്ചു. ജില്ലയിലെ ആദ്യത്തെ ഓക്സിലറി ഗ്രുപ്പാണ് ഇവിടെ രൂപീകരിച്ചത്.18 വയസിനും 40 വയസിനും ഇടയിലുള്ള 50 യുവതികളാണ് ഗ്രൂപ്പിലെ അംഗങ്ങൾ. ഒരു കുടുംബത്തിലെ ഒരാൾക്കാണ് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗത്വമെടുക്കാൻ പറ്റുന്നത്. അതു കൊണ്ട് തന്നെ
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെ ഗുണഫലം ഒരു വലിയ ശതമാനം യുവതികൾക്ക് നേരിട്ട് ലഭ്യമല്ലാതെ പോകുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് കുടുംബശ്രീ മിഷൻ ഓക്സിലറി ഗ്രൂപ്പുകളിൽ രൂപീകരിക്കാൻ ആരംഭിച്ചിട്ടുളളത്.
സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും അതുവഴി സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങൾ ലഭ്യമാകുന്ന വേദി ഒരുക്കൽ,
സ്ത്രീധനം, ഗാർഹിക പീഢനങ്ങൾ തുടങ്ങീ സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി,
കക്ഷിരാഷ്ട്രീയ ജാതിമത
വർഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കൽ,
നിലവിലെ സാമൂഹ്യ സാഹചര്യങ്ങൾക്ക അനുസൃതമായി നാടിന്റെ വികസന പ്രവർത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചർച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളർത്താനുമുള്ള ഇടമാക്കുക,
നിലവിൽ സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുന്നതിനായുള്ള
ജാഗ്രതാ സമിതി, മദ്യത്തിനെതിരേയുള്ള വിമുക്തി, സാംസ്ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന സമം തുടങ്ങീ സ്ത്രീകൾക്ക് വേണ്ടിയുള്ള വിവിധ ക്യാമ്പെയ്നുകളും പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുക, തുടങ്ങിയവയൊക്കെ ഓക്സിലറി ഗ്രൂപ്പുകളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
യുവജന കമ്മീഷൻ, യുവജനക്ഷേമ ബോർഡ് തുടങ്ങീ യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നനമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ നേട്ടങ്ങൾ കൈവരിക്കാനുമുള്ള വേദി ഒരുക്കൽ,
കേന്ദ്ര – സംസ്ഥാന .സർക്കാരുകൾ, സഹകരണവകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും എന്നിവയും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളാണ്.
പൊയിനാച്ചി മൈലാട്ടി പ്രദേശത്തെ 45 കുടുംബങ്ങളിലെ അമ്പത് യുവതികളാണ് രൂപികരിക്കപ്പെട്ട ഓക്സിലറി ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുള്ളത്.
ഗ്രുപ്പിൻ്റെ ഉദ്ഘാടനം ചെറുകര അങ്കണവാടിയിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ നിർവ്വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ മുംതാസ് അബുബക്കർ അധ്യക്ഷത വഹിച്ചു. എഡിഎം സി ഡി ഹരിദാസൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൺസൂർ കുരിക്കൾ, വാർഡ് മെമ്പർ രാജൻ കെ പൊയിനാച്ചി, സി ഡി എസ് മെമ്പർ സൗമിനി, ജിജി സതീശൻ, തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികൾ: പ്രസീന എസ്.എൻ(ടീം ലീഡർ ) സചേത എൻ എസ് (സാമ്പത്തികം )
അഖില മുരളിധരൻ (കോർഡിനേറ്റർ) നയന പി.ടി ( സാമൂഹ്യ വികസനം) ശില്പ എൽ (ഉപജീവനം)