മകന് നല്ല ഭാവിയുണ്ട്, രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാരൂഖ് ഖാനോട് കേന്ദ്രമന്ത്രി
മുംബയ്: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാൻ പിതാവ് ഷാരൂഖ് ഖാന് സാധിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ.ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാരൂഖ് ഖാനോട് താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്യൻ ഖാനെ ജയിലിൽ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. രാജ്യത്ത് നിരവധി ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളും. ആര്യന് നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നവരെ ജയിലിൽ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.ആര്യൻ ഖാൻ നിലവിൽ മുംബയിലെ ആർതർ റോഡ് ജയിലിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. കേസിൽ ഇതുവരെ ഇരുപതോളം പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്.