ജില്ലാ ആശുപത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുന്നതിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാവുന്നു.ജില്ലയിലെപൊതുജനാരോഗ്യ മേഖലയിലെ വിദഗ്ധ ചികിത്സ സൗകര്യങ്ങളുള്ള ഏക ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ വളർച്ചയിലെ നിർണായക ചുവടുവെപ്പായി മാറാൻ പോവുകയാണ് ഈ മാസ്റ്റർ പ്ലാൻ . പ്രവർത്തന മികവിന് ദേശീയ അംഗീകാരം നേടിയ കേരളത്തിലെ ഏക ജില്ലാ ആശുപത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ ഏറ്റവും വലിയ പരാധീനത സ്ഥലപരിമിതിയും അതുമൂലമുള്ള അസൗകര്യങ്ങളുമാണ് .ഇത് മറികടക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയെ സൂപ്പർസ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്താനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
ജയിൽ നിർമാണത്തിനായി ജയിൽ വകുപ്പിന് മുമ്പ് വിട്ടു നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളായ കാർഡിയോളജി. നെഫ്രോളജി, ന്യൂറോളജി, അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ, മറ്റ് സ്പെഷ്യാലിറ്റി സേവനങ്ങൾ, രോഗികളുടെ കൂട്ടിരുപ്പുകാർക്ക് വിപുലമായ സൗകര്യങ്ങൾ എന്നിങ്ങനെ ആശുപത്രിയുടെ സമഗ്രമായ പ്രവർത്തന മികവിന് ഉതകുന്ന മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. മെഡിക്കൽ കോളേജുകൾക്കുൾപ്പെടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവർത്തന പരിചയമുള്ള അംഗീകൃത ഏജൻസിയായ കിഡ്കോയാണ് ഈ മാസ്റ്റർ പ്ലാനും തയ്യാറാക്കുന്നത്.
മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ , വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ , ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്.എൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി , ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ , ജില്ലാ ആശുപത്രി RMO ഡോ. ശ്രീജിത്ത് മോഹൻ, ദേശീയ ആരോഗ്യ ദൗത്യം എഞ്ചിനീയർ നിതിൻ കുമാർ കെ. വി, കിഡ്കോ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. ഉദുമയിൽ ജയിൽ വകുപ്പിന് കൈമാറുന്ന സ്ഥലത്തേക്ക് ജയിൽ മാറുന്ന മുറയ്ക്കായിരിക്കും ജില്ലയുടെ ആരോഗ്യ മേഖലയുടെ ഈ സ്വപ്ന പദ്ധതിയും സാക്ഷാത്ക്കരിക്കപ്പെടുന്നത്.