പിണറായി വിജയന് നാണക്കേട്, സാംസ്ക്കാരിക നായകരെല്ലാം കാഷ്യൽ ലീവെടുത്ത് പോയോ എന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: നവജാത ശിശുവിനെ അമ്മയറിയാതെ ദത്ത് നല്കിയ സംഭവത്തില്‍ പരാതിക്കാരിയായ അനുപമക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. എന്തിനും ഏതിനും അഭിപ്രായം പറയുന്ന സാംസ്കാരിക നായകന്മാര് എല്ലാവരും കാഷ്വല്‍ ലീവെടുത്ത് പോയോ എന്നും മുരളീധരന് പരിഹസിച്ചു.
ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടുണ്ടാക്കുന്ന സംഭവമാണ്. കോൺഗ്രസ് അനുപമക്കൊപ്പമാണ്. അനുപമയുടെ കാര്യത്തില്‍ തുല്യതക്ക് വേണ്ടി പോരാടുന്ന ആരേയും കണ്ടില്ലല്ലോയെന്നും ഇവിടുത്തെ വനിതാ സംഘടനകള്‍ എവിടെ പോയെന്നും മുരളീധരന് ചോദിച്ചു.
അതേസമയം, അനുപമ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചു. ‘കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്, ഈ അമ്മ പ്രസവിച്ച കുഞ്ഞ് എവിടെ, ആര്‍ക്കാണ് വിറ്റത്, ദുരൂഹത അന്വേഷിക്കുക’ എന്ന ബാനറുമായാണ് അനുപമയും ഭര്‍ത്താവും നിരാഹാര സമരത്തിനെത്തിയത്.