ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ സമർപ്പിച്ച ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ നൽകി. ദയാഹർജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡൽഹി സർക്കാരിനോടും കേന്ദ്രസർക്കാരിനോടും കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ചിരുന്നു ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹർജി തള്ളിയിരുന്നു. ഡൽഹി സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹർജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ നേരത്തേ തള്ളിയിരുന്നു. പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. രാഷ്ട്രപതി ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ കോടതി വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകി ‘ബ്ലാക്ക് വാറണ്ട്’ പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം.2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം നടന്നത്.രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ മോചിതനായി. മറ്റ് നാല് പേർക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. അതേസമയം പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം അനുവദിക്കേണ്ട ആവശ്യമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജസ്ഥാനില്‍ സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.