ലഹരി മാഫിയ സജീവം: നടപടികളുമായി ചന്തേര ജനമൈത്രി പൊലീസ്
ചെറുവത്തൂർ: ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ചന്തേര ജനമൈത്രി പൊലീസ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ യുവ തലമുറയെ ലക്ഷ്യമാക്കി ലഹരി മാഫിയകളുടെ പ്രവർത്തനം വിപുലമായ സമയത്താണ് ചന്തേര പൊലീസ് ഇത്തരം മാഫിയകൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ ശക്തമായ പരിശോധന നടത്തിയത്.
പാൻ മസാല ഉൽപന്നങ്ങൾ നിരോധിച്ച സംസ്ഥാനമായിട്ടും അന്തർ സംസ്ഥാന തൊഴിലാളികളെയും യുവജനങ്ങളെയും സ്കൂൾ വിദ്യാർഥികളെയും ലക്ഷ്യം വെച്ച് വരുന്ന വൻ മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നേറാനാണ് ചന്തേര പൊലീസിെൻറ തീരുമാനം. പൊതുജനങ്ങളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിൽ സന്നദ്ധ പ്രവർത്തകരുടെയും ക്ലബുകളുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിർദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്.
ചന്തേര ജനമൈത്രി പൊലീസ് നടത്തിയ പരിശോധനയിൽ ഒളവറയിൽനിന്ന് ടി.രമേശൻ എന്നയാളെ 60 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളുമായി അറസ്റ്റു ചെയ്തു. ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, പൊലീസ് ഓഫിസർമാരായ വിനീഷ്, ഗിരീഷ്, ഷൈജു, ബിജു, സുരേഷ് ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.