ചന്ദന മോഷണക്കേസ്: ഒന്നാം പ്രതി പിടിയില്‍
മറയൂര്‍: പാലപ്പെട്ടി ചന്ദന മോഷണക്കേസിലെ മുഖ്യസൂത്രധാരനായ ഒന്നാം പ്രതി ബിനുകുമാര്‍ (28) പിടിയില്‍. രണ്ടുപേര്‍ ഒളിവില്‍. കഴിഞ്ഞദിവസം 80 കിലോ ചന്ദനം മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ അതിരാവിലെ പാലപ്പെട്ടിയിലെ വീട്ടില്‍ നിന്നാണ് വനംവകുപ്പ് സംഘം ബിനുകുമാറിനെ പിടികൂടിയത്.
പാലപ്പെട്ടി ഇണ്ടന്‍ കാട്ടില്‍ മുറിച്ച ചന്ദനമരത്തിനു സമീപം ഒളിപ്പിച്ചിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന 80 കിലോ 12 ചന്ദനക്കഷണങ്ങള്‍ വനംവകുപ്പ് കണ്ടെടുത്തിരുന്നു. മറയൂര്‍ സാന്ഡല് ഡിവിഷന് ഡോഗ് സ്ക്വാഡിലെ മെല്‍വിനുമായി നടത്തിയ പരിശോധനയാണ് ബിനുകുമാറിലേക്കെത്തിച്ചത്.
പാലപ്പെട്ടി ആദിവാസിക്കുടിയില്‍ ബിനു കുമാറിന്റെ വീട്ടില്ലെത്തിയാണു മെല്ബിന് നിന്നത്. ബിനുകുമാര്‍ അപ്പോള്‍ വീട്ടിലില്ലായിരുന്നു. കടുതല്‍ അനേ്വഷണത്തില്‍ ബിനുകുമാര്‍, ചിന്നക്കുപ്പന്, സുദര്ശന് എന്നിവരാണ് കാട്ടുപാതയിലൂടെ ചന്ദനം തമിഴ്നാട്ടിലേക്കു കടത്താന്‍ ശ്രമിച്ചെന്നു വ്യക്തമായി.
ചന്ദനക്കടത്ത് വിവരം വനംവകുപ്പിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് 11 മാസം മുമ്പ് പാലപ്പെട്ടി സ്വദേശിനി ചന്ദ്രികയെ വെടിവെച്ചു കൊന്നതടക്കം നിരവധി ചന്ദനക്കേസുകളിലെ പ്രതിയാണ് ബിനു.