വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡയറി നെറ്റ്വർക്കിങ് സൊസൈറ്റിയിൽ ജോലി നേടിയ ആൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശം
കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ ആൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് റിപ്പോർട്ട്. മലപ്പുറം ജില്ലാ കൺസോർഷ്യം ഡയറി നെറ്റ്വർക്കിങ് സൊസൈറ്റിയിലെ ടെക്നിക്കൽ മാനേജർ തസ്തികയിൽ ജെ.എസ്. ഗിരീഷ് കുമാറിന് പുനർനിയമനം നൽകിയത് സംബന്ധിച്ച ധനകാര്യ പരിശോധനാ വിഭാഗത്തിൻെറ അന്വേഷണ റിപ്പോർട്ടിലാണ് ശുപാർശ.
പ്രീഡിഗ്രി, വി.എച്ച്.എസ്.ഇ യും കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ് ഡിപ്ലോമയും യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ക്ഷീരസംഘങ്ങളിലെ കമ്പ്യൂട്ടറൈസേഷൻ, എ.എം.സി യൂനിറ്റ്, ഉപകരണങ്ങളുടെ സർവീസിങ് എന്നിവയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും തസ്തികയുടെ യോഗ്യതയായി നിശ്ചയിച്ചു. ക്ഷീര വികസന വകുപ്പിലെ ഇതേ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടെന്നും അറിയിച്ചു. അപേക്ഷ നൽകിയ നാലുപേരും അഭിമുഖത്തിൽ പങ്കെടുത്തു. ഗിരീഷിനെ തെരഞ്ഞെടുത്തു. അദ്ദേഹം 2019 ഫെബ്രുവരി ഒന്നിന് ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഗിരീഷ്കുമാർ ഹാജരാക്കിയ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് ഡിപ്ലോമയുടെ സർട്ടിഫിക്കറ്റ് തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള (Kerala Association for Non-Formal Education and Development-KANFED) കാൻഫെഡിൻറേതാണെന്ന് പരിശോധനയിൽ വ്യക്തമായി. 2017 ഡിസംബർ 10 നാണ് സർട്ടിഫക്കറ്റ് നൽകിയത്. അത് പ്രകാരം 2016 മെയ് 11 മുതൽ 2017 മെയ് 11 വരെയാണ് കോഴ്സിന് ഗിരീഷ് അവിടെ പഠിച്ചിരുന്നത്. ജില്ലാ കൺസോർഷ്യം ഡയറി നെറ്റ് വർക്കിങ് സൊസൈറ്റിയിലെ രേഖകൾ പ്രകാരം ഇതേ കാലയളവിൽ ഇവിടെ ടെക്നിക്കൽ മാനേജരായി ജോലി ചെയ്തിരുന്നു. മലപ്പുറത്ത് ജോലി ചെയ്തിരുന്ന കാലത്ത് തിരുവനന്തപുരത്ത് കോഴ്സിന് പഠിക്കുകയും ചെയ്തുവെന്നതിൽ പൊരുത്തക്കേട് കണ്ടെത്തി.
അതിനാൽ, കോഴ്സ് സംബന്ധിച്ച വ്യക്തത വരുത്തുന്നതിന് കാൻഫെഡ് ഡയറക്ടറെ സമീപിച്ചു. വിവിധ ട്രെനിങുകൾ നടത്താറുണ്ടെങ്കിലും യാതൊരു കോഴ്സുകളും കാൻഫെഡ് നടത്തുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് കോഴ്സ നടത്തിയിട്ടില്ലെന്നും ഡയറക്ടർ അറിയിച്ചു. തുടർന്ന്, ഗിരീഷ് കുമാർ ഹാജരാക്കിയ സർട്ടിഫിക്കറ്റിൻെറയും മാർക്ക് ലിസ്റ്റിൻെറയും ആധികാരികത പരിശോധിക്കുന്നതിനായി പകർപ്പുകൾ കാൻഫെഡിലേക്ക് അയച്ചു. അത് കാൻഫെഡിൽനിന്നും നൽകിയിട്ടില്ലെന്നും ഡയറക്ടർ അറിയിച്ചു.
ഇതിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് ഡിപ്ലോമ എന്ന അടിസ്ഥാന യോഗ്യത പോലുമില്ലാതെയാണ് ഗിരീഷ് ടെക്നിക്കൽ മാനേജർ തസ്തികയിൽ നിയമനം നൽകിയതെന്ന് തെളിഞ്ഞു. ഗിരീഷ് വ്യാജമായി തയാറാക്കിയ സർട്ടിഫിക്കറ്റിൻെറ പിൻബലത്തിലാണ് ജോലിയിൽ പ്രവേശിച്ചത് വ്യക്തമായി. സർക്കാർ ഏജൻസിയായ കാൻഫെഡിന് പേരിലുള്ള സർട്ടിഫിക്കറ്റ് വ്യാജമായി സമർപ്പിച്ച് നിയമനം നേടിയ ഗിരീഷ് കുമാറിനെ 2019 ഫെബ്രുവരി 7ന് പിരിച്ചുവിടുന്ന തീയതി വരെയുള്ള കാലയളവിൽ അദ്ദേഹം കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കുന്നതിന് നടപടി ആവശ്യപ്പെട്ടു.
ഇൻറർവ്യൂ നടത്തിയ ബോർഡ് അംഗങ്ങളുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്നും റിപ്പോർട്ട് രേഖപ്പെടുത്തി. ചെയർമാൻ ടി.പി. ഉസ്മാൻ , വൈസ് ചെയർമാൻ എം. വാസുദേവൻ,കൺസോഷ്യം സെക്രട്ടറി പദവി വഹിക്കുന്ന ക്വാളിറ്റി കൺട്രോൾ ഓഫിസർ എ.കെ.ബിന്ദു,ക്ഷീര വികസന ഓഫീസർ ഓ .സജിനി, ജി.എൻ. ദിവ്യ എന്നിവടങ്ങിയ അഞ്ച് അംഗ കമ്മിറ്റിയായിരുന്നു ഇൻറർവ്യൂ ബോർഡ്.
ഇവരാണ് ഇൻറർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തിയത്. ഇവർ സർട്ടിഫിക്കറ്റ് കൃത്യമായി പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി എ.കെ. ബിന്ദുവാണ് ഗിരീഷിന് ടെക്നിക്കൽ മാനേജർ തസ്തികയിൽ 2015 മെയ് ഏഴ് മുതൽ 2018 നവംമ്പർ ഒമ്പത് വരെ സൊസൈറ്റിയിൽ ജോലി ചെയ്ത പ്രവർത്തി പരിചയ സർട്ടിഫക്കറ്റ് നൽകിയത്. ഗിരീഷിനെ ഏതു വിധേനയും നിയമിക്കുക എന്ന സമീപമാണ് ഇവർ സ്വീകരിച്ചതെന്നും റിപ്പോർട്ടുണ്ട്.
ക്വാളിറ്റി കൺട്രോൾ ഓഫിസർ ബിന്ദു ഒദ്യോഗിക കൃത്യ നിർവഹണത്തിൽ ഗുരുത വീഴ്ചയാണ് വരുത്തിയത്. അവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കണം. ഇൻറർവ്യൂ ബോർഡ് അംഗങ്ങളായി ക്ഷീരവിസന ഓഫിസർമാരായ ഒ.സജിനിയും ജി.എൻ.ദിവ്യയും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഭരണ വകുപ്പ് കർശന നിർദേശം നൽകണം.
ഡയറി കൺസോർഷ്യം പോലുള്ള സംഘങ്ങളിൽ പ്രധാന ഭാരവാഹികളായി ഒരേ ആളുകൾ ദീർഘകാലം തുടരുന്നത് സംഘത്തിൻെറ പ്രവർത്തനത്തെയും സുതാര്യതേയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ട്. അത് തിരുത്തണം. സൊസൈറ്റി രജിസ്ട്രേഷൻ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്വതന്ത്രമായി പ്രവർത്തിക്കേണ്ട മലപ്പുറം കൺസോർഷ്യം നെറ്റ് വർക്കിങ് സൊസൈറ്റിയുടെ ഓഫിസ് സർക്കാർ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കൺട്രോൾ ഓഫിസറുടെ കാര്യാലയത്തിനുള്ളിൽനിന്നും മാറ്റുന്നതിനുള്ള നടപടികൾ ഭരണ വകുപ്പ് കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.