ഹൈദരാബാദ്: ക്രിമിനല്‍ കേസുകളിലെ പ്രതികളെ കൊല്ലുന്നത് വഴി ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് 2008 ൽ വാറംഗല്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ പ്രണിത. പ്രണിതയ്ക്കും സുഹൃത്ത് സ്വപ്നികയ്ക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു.
2008 ഡിസംബര്‍ എട്ടിനാണ് പ്രണിതയ്ക്കും സുഹൃത്ത് സ്വപ്നികയ്ക്കും നേരെ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കള്‍ ആസിഡ് ഒഴിച്ചത്. യുവാക്കളിലൊരളായ ശ്രീനിവാസ്. സ്വപ്നികയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ സ്വപ്നിക ഇത് നിരസിച്ചു.
ഇതിനെ തുടര്‍ന്ന് പ്രണിതയും സ്വപ്നികയും ക്ലാസ് കഴിഞ്ഞ് വരുമ്പോള്‍ മൂന്നുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നേരത്തെ ശ്രീനിവാസ് ശല്യം ചെയ്യുന്നുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായ ശേഷം പൊലീസിന്റെ നിഷ്ക്രിയത്വം വലിയ ചര്‍ച്ചയായിരുന്നു.അതിനിടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വപ്നിക മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിനിടെ കൊലപ്പെടുത്തിയത്.
പ്രണിതയും സുഹൃത്തും ആക്രമിക്കപ്പെട്ട് മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതികളായ യുവാക്കള്‍ കൊല്ലപ്പെടുന്നത്. അവര്‍ കൊല്ലപ്പെട്ട വാര്ത്തയറിഞ്ഞതിനെക്കുറിച്ച് പ്രണിത പറയുന്നതിങ്ങനെ:ആ സമയത്ത് എനിക്കെന്റെ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ കിടന്നിരുന്ന റൂമിന്റെ വാതില്ക്കല് വന്ന് ആരോ പറയുന്നത് കേട്ടു നീ കാരണം ആ മൂന്നുപേര്‍ കൊല്ലപ്പെട്ടുവെന്ന്. കണ്ണിന് മുകളില്‍ ബാന്ഡേജുള്ളതിനാല് അതാരാണ് പറഞ്ഞതെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. തങ്ങള്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് വെച്ചുതന്നെയാണ് അവരും കൊല്ലപ്പെട്ടതെന്ന് ഞാന്‍ മനസിലാക്കി.ആ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് ഭയമാണ് തോന്നിയതെന്നും പ്രണിത പറയുന്നു.
ഞാന്‍ വളരെ പേടിച്ചു. നിങ്ങള്‍ മൂന്നുപേരുടെ ജീവനില്ലാകുന്നതിന് കാരണമാകുന്ന അവസ്ഥയൊന്നാലോചിച്ച് നോക്കൂ… ഒരുപക്ഷെ ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷമായിരുന്നിരിക്കാം തോന്നേണ്ടത്. എന്നാല്‍ എന്റെ കാര്യത്തില്‍ അത് വ്യത്യസ്താമായിരുന്നു. ഞാന്‍ പേടിച്ചു പോയിരുന്നു.’