അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തും- മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: പേരൂർക്കടയിൽ അച്ഛനമ്മമാർ കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതലയെന്നും മന്ത്രി അറിയിച്ചു.
അമ്മക്ക് നീതി ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും. അസാധാരണമായ പരാതിയാണ് ഇത്. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പറഞ്ഞു. അമ്മക്ക് കുഞ്ഞിനെ നൽകുക എന്നതാണ് അഭികാമ്യമെന്നും വീണ ജോർജ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമീഷൻ കേസെടുത്തു. അമ്മ അനുമപമയുടെ പരാതിയിലാണ് ബാലാവകാശ കമ്മിഷൻ കേസെടുത്തത്. ഇക്കാര്യത്തിൽ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
അതേസമയം, കുഞ്ഞിനെ സ്വന്തം അമ്മക്ക് തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ പ്രതികരിച്ചു. നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകും. ഇക്കാര്യത്തിൽ കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്. ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടിയെ കൊണ്ട് തീരുന്ന വിഷയമല്ല ഇതെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നുവെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ വിശദീകരണം.
എന്നാൽ ആനാവൂർ നാഗപ്പന്റെ പ്രസ്താവന കുഞ്ഞിന്റെ മാതാപിതാക്കളായ അനുപമയും അജിത്തും തള്ളി. പാർട്ടി സഹായം ചെയ്യുമെന്നാണ് ഇപ്പോൾ പറയുന്നുത്. പാർട്ടിക്ക് ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സത്യമാണ്. എന്നാൽ ചെയ്യാൻ കഴിയുമായിരുന്ന സമയത്ത് ഒന്നും ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ആരോപണം. അന്ന് കൂടെ നിന്നിരുന്നെങ്കിൽ കുഞ്ഞിനെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നുവെന്നും കുഞ്ഞിന്റെ പിതാവായ അജിത് പറഞ്ഞു.
താൻ മോളെ എന്ന് വിളിച്ചാണ് അനുപമയോട് സംസാരിച്ചതെന്ന് ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യവും അനുപമയും അജിത്തും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ലെന്നും തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നും അനുപമ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് പേരൂർക്കട സ്വദേശിനി അനുപമ പരാതി നൽകിയത്. പിതാവ് ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്.