പയ്യന്നൂർ സബ് ആർ.ടി ഓഫിസിൽ വീണ്ടും പരിശോധന; നടന്നത് വൻ അഴിമതിയെന്ന് സൂചന
പയ്യന്നൂർ: പയ്യന്നൂർ സബ് റീജനല്‍ ട്രാൻസ്പോര്‍ട്ട് ഓഫിസിൽ വീണ്ടും വിജിലൻസ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എ.എം.വി.ഐ കരിവെള്ളൂരിലെ പി.വി. പ്രസാദ് (43) അറസ്റ്റിലായിരുന്നു. ഈ സന്ദർഭത്തിൽ കസ്റ്റഡിയിലെടുത്ത രേഖകളിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തിയത്. രാവിലെ 10ന് തുടങ്ങിയ പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു.
ഈ മാസം 18നാണ് വെള്ളൂരിലുള്ള സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. വേഷം മാറിയെത്തിയ വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടെ എ.എം.വി.ഐ പി.വി. പ്രസാദിനെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പിലാത്തറ ചുമടുതാങ്ങിയിലെ കേംബ്രിഡ്ജ് ഡ്രൈവിങ് സ്കൂളിൽ ബുധനാഴ്ച വൈകീട്ട് പരിശോധന നടത്തിയ വിജിലൻസ് സംഘം ചില രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഈ രേഖകളിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. തുടർന്നാണ് സബ് ആർ.ടി ഓഫിസിൽ വീണ്ടും വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.
ഓഫിസിലെ ഔദ്യോഗിക ഇ–മെയിൽ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് വിവരങ്ങൾ ഡ്രൈവിങ് സ്കൂൾ ഉടമകളും ഇടനിലക്കാരും കൈകാര്യം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന. കഴിഞ്ഞ ജനുവരി മുതലുള്ള ലൈസൻസും ആർ.സി ബുക്കുകളും യഥാസമയം കൈമാറാതെ വൈകിപ്പിച്ചതായും പരിശോധനയിൽ വ്യക്തമായി. കൈക്കൂലി നൽകാൻ വിസമ്മതിച്ചതാണ് ഇത് നൽകാതിരിക്കാൻ കാരണമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉദ്യോഗസ്ഥർ വാഹനങ്ങൾ കാണാതെ തന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചുമടുതാങ്ങിയിൽ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളിൽ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 22ഒാളം രേഖകളാണ് പിടിച്ചെടുത്തത്. ഓഫിസിലെ ഡ്യൂട്ടി ചാർട്ട് വരെ ഇവിടെനിന്ന് ലഭിച്ചത് സംഭവത്തിെൻറ ഗൗരവം വർധിപ്പിക്കുന്നു.
ആർ.ടി ഓഫിസിലേക്ക് തൊഴിലാളി മാർച്ച്
പയ്യന്നൂർ: പയ്യന്നൂർ ജോ. ആർ.ടി ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക, അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ നടത്തിയ സമരം ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. യു.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. ഗംഗാധരൻ, കെ.കെ. കൃഷ്ണൻ, പാവൂർ നാരായണൻ, പി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു.വി.കെ. ബാബുരാജ് സ്വാഗതം പറഞ്ഞു.