വ്യാപാരിയെ ആക്രമിച്ച് പണം കവർന്നു; രണ്ടുപേര്‍ അറസ്റ്റിൽ
കാഞ്ഞങ്ങാട്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയെടുത്ത രണ്ടുപേരെ ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി.സതീഷും സംഘവും അറസ്റ്റുചെയ്തു.
രാവണേശ്വരത്തെ കരിപ്പാടക്കന്‍ വീട്ടില്‍ പി. കുഞ്ഞിരാമനെ (54) ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ചിത്താരി ഒറവങ്കര കുന്നുമ്മല്‍ ഹൗസില്‍ ഒ. റിസ്വാൻ (23), രാവണേശ്വരം ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന് സമീപത്തെ സച്ചിന് സുകുമാരന്‍ (25) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാത്രി 7.10ന് കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന കുഞ്ഞിരാമനെ റിസ്വാനും സച്ചിനും ചേര്‍ന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി തള്ളിയിട്ടശേഷം കീശയിലുണ്ടായിരുന്ന 3,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളായ ദാമോദരൻ, പ്രമോദ് എന്നിവർ പരിക്കേറ്റ കുഞ്ഞിരാമനെ ജില്ല ആശുപത്രിയിൽ പ്രവശിപ്പിച്ചു. പ്രതികളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കി.