പ്രഭാത സവാരിക്കിറങ്ങിയാളെമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കഴുത്തില്‍ കയര്‍ചുറ്റിയ നിലയില്‍
തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വെമ്പായം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം വേറ്റിനാട് സജീവിനെ (43) ആണ് വീടിന് സമീപത്തുള്ള തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രഭാതസവാരി കഴിഞ്ഞു തിരിച്ചെത്താനുള്ള സമയം കഴിഞ്ഞതോടെ വീട്ടുകാരും ബന്ധുക്കളും തിരക്കി ഇറങ്ങിയിരുന്നു. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ സുഹൃത്തുക്കളെയും പ്രദേശത്തുള്ളവരെയും വിവരമറിയിച്ചു. തുടര്‍ന്ന് സജീവിനെ കാണാനില്ലെന്ന പരാതിയും നല്കി. അതിനിടയിലാണ് പരിസരത്തുനിന്നും മൃതദേഹം ലഭിച്ചത്.
നവീന്‍ ഗ്രാനൈറ്റ്സ് ജനറല്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തികമായോ മറ്റു യാതൊരു പ്രശ്നങ്ങളും സജീവിനില്ലെന്നും ആത്മഹത്യ ചെയ്യുവാന്‍ തക്കതായ ഒരു കാരണവും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു
ഭാര്യ ഷീബ റാണിയും രണ്ടു കുട്ടികളും ഭാര്യ മാതാവുമാണ് വീട്ടിലുള്ളത്. എല്ലാ ദിവസവും പുലര്‍ച്ചെ മകനൊപ്പമാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍ ഇന്നു പുലര്‍ച്ചെ കാല്‍മുട്ട് വേദനയുള്ളതിനാല്‍ മകന് നടക്കാന്‍ പോയില്ലെന്നും നാട്ടുകാര്‍ പറയുന്നു
പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു.