സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ കബളിപ്പിച്ച്
പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍
തൃശ്ശൂര്‍:സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍.
ബംഗളൂരുവും ദില്ലിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പ് സംഘത്തിലെ പ്രമുഖരാണ് ദമ്പതികള്‍. ഫേസ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുകയാണ് ഇവരുടെ രീതി.
തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. വിദേശത്തുള്ള ഡോക്ടര്‍ ആണെന്ന് പറഞ്ഞ് സ്ത്രീകളെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്. സ്ത്രീകളെ പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നും വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ട് എന്ന് പറഞ്ഞ് വിശ്വാസത്തിലെടുക്കും. അതിന് ശേഷം ഇന്ത്യയിലെ പാഴ്സല്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ത്രീകളെ വിളിക്കും. പാഴ്സലിനകത്ത് വിദേശ കറന്‍സിയും, സ്വര്‍ണ്ണവും ആണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിന് നികുതി, ഇന്‍ഷ്വറന്‍സ്, ഇന്ത്യന്‍ രൂപയിലേക്ക് വിദേശ കറന്‍സി മാറ്റുന്നിനുള്ള പ്രോസസ്സിങ്ങ് ഫീസ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍ തുകകള്‍ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കും.
പണം കൈപറ്റിയ ശേഷം വിദേശത്തുനിന്നും പാഴ്സല്‍ വഴി ഇന്ത്യയിലേക്ക് പണം അയക്കുന്നത് നിയമവിരുദ്ധം ആണെന്നും, സംഭവം റിസര്‍വ്വ് ബാങ്കിനേയും, പോലീസിനേയും അറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തും. ഇതേ രീതിയില്‍ തൃശൂര്‍ സ്വദേശിനിയില്‍ നിന്ന് ഇവര്‍ തട്ടിയത് 35 ലക്ഷം രൂപയാണ്. തട്ടിപ്പ് മനസ്സിലാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നിരവധി പേര് ഇത്തരത്തില്‍ തട്ടിപ്പനിരയായതായി പൊലീസ് പറയുന്നു.