പത്മജയും ബിന്ദു കൃഷ്ണയും പുറത്ത്;വനിതാ വൈസ് പ്രസിഡണ്ടുമാരില്ലാതെ കെപിസിസി ഭാരവാഹി പട്ടിക
തിരുവനന്തപുരം: വനിതാ വൈസ് പ്രസിഡണ്ടുമാരില്ലാതെ കെപിസിസി ഭാരവാഹി പട്ടിക. കെപിസിസി ഭാരവാഹിത്വത്തില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെയാണ് വൈസ് പ്രസിഡണ്ട് പട്ടികളില്‍ നിന്നും വനിത പ്രസിഡണ്ടുമാര്‍ അപ്രത്യക്ഷമായത്.
ഇതോടെ വൈസ് പ്രസിഡണ്ട് പദവിയിലേക്ക് പരിഗണിച്ചിരുന്ന പത്മജ വേണുഗോപാലിനെ ഒഴിവാക്കി. പത്മജ നിര്‍വാഹക സമിതി അംഗമാവും. 4 വൈസ് പ്രസിഡണ്ടുമാരാണ് ഉണ്ടായിരിക്കുക. ഇതില്‍ വനിതകള്‍ ആരുമില്ല. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയേയും ഒഴിവാക്കി. എന്നാല്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 19 ല്‍ നിന്നും 22 ആയി ഉയര്‍ത്തിയിട്ടുണ്ട്. 3 വനിതകളെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണിത്.
കെപിസിസി പ്രസിഡണ്ട്, 3 വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ ട്രഷറര്‍ എന്നിവരെ കൂടി ചേര്‍ത്ത് ആകെ ഭാരവാഹികള്‍ 31 ആകും. 51 അംഗ പട്ടികയില്‍ ബാക്കിയുള്ളവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്. പട്ടികയില്‍ ആകെ അഞ്ച് വനിതകള്‍ ഉണ്ട്. പട്ടിക വിഭാഗത്തില്‍ നിന്നും അഞ്ച് പേരുണ്ട്. ആകെ അംഗങ്ങളുടെ പത്ത് ശതമാനം എന്ന കണക്കിലാണ് വനിതാ പട്ടിക വിഭാഗ പ്രാതിനിധ്യം നിശ്ചയിച്ചത്. കെപിസിസി പട്ടിക അന്തിമ അംഗീകാരത്തിനായി എ ഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് കൈമാറി. സംഘടനാ ചുമതലയുള്ള കെസി വേണുഗോപാല്‍ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും.