“കോണ്‍ട്രാക്ടറെക്കൂട്ടി എന്നെ കാണാന്‍ വന്ന എം.എല്‍.എയോട് ഇത് നിങ്ങളുടെ ജോലിയല്ല എന്നായിരുന്നു ഞാനന്ന് പറഞ്ഞത്”; റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:എം.എല്‍.എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് സി.പി.ഐ.എം നേരത്തെ സ്വീകരിച്ച നിലപാട് തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മുന്‍പ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നിങ്ങള്‍ക്കറിയാം, 1996 ല്‍ വൈദ്യുതി മന്ത്രിയായി പ്രവര്‍ത്തിച്ചവനായിരുന്നു ഞാന്‍. അന്ന് എന്റെയടുത്ത് ഒരു എം.എല്‍.എ ഒരു കോണ്ട്രാക്ടറുമായിട്ട് വന്നു. ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ല കേട്ടോ, കോണ്ട്രാക്ടറേയും കൂട്ടി എം.എല്‍.എ മന്ത്രിയെ കാണാന്‍ വരേണ്ടതില്ല എന്നായിരുന്നു അന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അത് പാര്‍ട്ടി നിലപാടിന്റെ ഭാഗമായി സ്വീകരിച്ച സമീപനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സി.പി.ഐ.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും റിയാസിനെ പിന്തുണച്ചിരുന്നു..
താന്‍ പറഞ്ഞത് ഇടത് സര്‍ക്കാരിന്റെ നിലപാടാണെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പോലും പിറകോട്ട് പോകില്ലെന്നും റിയാസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
സി.പി.ഐ.എം എം.എല്‍.എമാരുടെ യോഗത്തില്‍ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ വിമര്‍ശനമുന്നയിച്ചെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.