കൊട്ടിയൂരിൽ പരിശോധനക്കെടുത്ത മുട്ടകൾ വ്യാജമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊട്ടിയൂർ: മലയോരത്ത് വഴിയോര കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ടകൾ വ്യാജമെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞ സംഭവത്തിൽ വ്യക്തത വരുത്തുന്ന പരിശോധന റിപ്പോർട്ട് പുറത്ത്. സാമ്പിൾ പരിശോധനയിൽ മുട്ടകൾ വ്യാജമല്ലെന്ന് തെളിഞ്ഞുവെന്നും മുട്ട ഭക്ഷ്യയോഗ്യമാണെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമീ ഷണർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് വ്യാജമെന്ന ധാരണയിൽ താറാവ് മുട്ടകൾ വിൽപ്പന നടത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത്. സംശയ നിവാരണത്തിനായി മുട്ടയുടെ സാമ്പിളുകൾ പൊലീസ് പരിശോധനക്ക് അയക്കുകയായിരുന്നു.
ആറുരൂപ നിരക്കിൽ കൊട്ടിയൂർ കണ്ടപ്പുനത്ത് താറാവ് മുട്ട വിൽപന നടത്തിയ വാഹനമാണ് നാട്ടുകാർ ആദ്യം തടയാൻ ശ്രമിച്ചത്. ഇതേ സംഘത്തിലുള്ളവർ വില്പന നടത്തിയ ബൈക്കടക്കം മൂന്ന് വാഹനങ്ങൾ അമ്പായത്തോട്ടിലും നാട്ടുകാർ തടഞ്ഞു. മുട്ടക്കുള്ളിൽ മഞ്ഞക്കരുവും വെള്ളയും തമ്മിൽ വേർതിരിവില്ലെന്നും കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നുവെന്നുമായിരുന്നു പ്രധാന ആക്ഷേപം. മുട്ടയുടെ തോടും വെള്ളയും തമ്മിൽ വേർതിരിക്കുമ്പോൾ റബർപാട പോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടയ്ക്കുള്ളിൽ കണ്ടെത്തിയെന്ന തരത്തിലും പ്രചരണമുണ്ടായതോടെയാണ് നാട്ടുകാർ മുട്ട വിൽപനക്കായി കൊണ്ടുവന്ന വാഹനങ്ങൾ തടഞ്ഞത്.