കൊച്ചിയിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ കുത്തിവീഴ്ത്തി ഓടിരക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു
കൊച്ചി: നഗരമദ്ധ്യത്തിൽ യുവാവിന് കുത്തേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് രാവിലെ 6.30ന് കലൂർ കെ.കെ റോഡിന് സമീപത്തായിരുന്നു സംഭവം. അമ്പലമുകൾ അമൃത കോളനിയിൽ താമസിക്കുന്ന അഖിലിനാണ് (24) നാണ് കുത്തേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ ആഴത്തിൽ മുറിവുണ്ട്. ചെവിക്ക് പിന്നിലും കൈക്കും കാലിലും കുത്തേറ്റിട്ടുള്ളത്.അഖിലിനൊപ്പം ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ഒറ്റപ്പാലം സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന. ഇറച്ചിക്കടയിൽ ഉണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. പതിവായി ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സ്വഭാവക്കാരനാണ് പ്രതി. ഇതിനാൽ റെയിൽവെ സ്റ്റേഷനുകളിലും പരിശോധന നടത്തി വരികയാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തിരിച്ചടി ആയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ അമ്മ മാത്രമാണുള്ളതെന്നും തെരച്ചിൽ വ്യാപകമാക്കിയതായും പൊലീസ് പറഞ്ഞു.