കഞ്ചാവുവേട്ടയ്ക്കെത്തിയ പോലീസിന് നേരേ ബോംബേറ്; 2 പേര് അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്തു കഞ്ചാവുവേട്ടയ്ക്കിടെ പോലീസ് സംഘത്തിനു നേരേ ബോംബേറ്. കൗമാരക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍. രണ്ടുപേര്‍ രക്ഷപ്പെട്ടു.
കരമന കിള്ളിപ്പാലത്ത് കിള്ളി ടവേഴ്സ് ലോഡ്ജില്‍ പരിശോധനയ്ക്കെത്തിയ പോലീസിനു നേര്‍ക്കാണ് ആക്രമണം നടത്തിയത്. രജീഷ് എന്നയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കൗമാരക്കാരനുമാണ് പിടിയിലായത്. പ്രതികളില്‍നിന്ന് അഞ്ചുകിലോ കഞ്ചാവും രണ്ടു ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. മൂന്നു തോക്കും രണ്ടു വെട്ടുകത്തിയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പോലീസ് എത്തിയതറിഞ്ഞു രക്ഷപ്പെടാന്‍വേണ്ടി സംഘം ആക്രമണത്തിന് സജ്ജമാകുകയായിരുന്നു. ബോംബ് എറിഞ്ഞശേഷം ഇവര്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ ഒരാള്‍ സമീപത്തെ കടയിലേക്ക് ഓടിക്കയറിയെങ്കിലും കടക്കാര് ഒളിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡിലെത്തിയ പ്രതി ഷര്‍ട്ട് ധരിക്കാതിരുന്നതു ശ്രദ്ധിച്ച ഓട്ടോ ഡ്രൈവര്‍ ഓട്ടം പോകാനും വിസമ്മതിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെയും തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം നടന്നിരുന്നു. ജൂലൈയില്‍ കുറ്റിച്ചല്‍ നെല്ലിക്കുന്ന് കോളനിയില്‍ പരിശോധനയ്ക്ക് എത്തിയ നെയ്യാര്‍ പോലീസിന് നേരെയായിരുന്നു ആക്രമണം. പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂര്‍ണമായും അടിച്ചുതകര്‍ത്തു.