ദുരന്തത്തിന് കാരണം ഇരട്ടന്യൂനമര്‍ദം; ദുരിതബാധിതരെ കൈവിടില്ലെന്ന് മുഖ്യമന്ത്രി;മഴക്കെടുതിയില്‍
മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ
തിരുവനന്തപുരം: മഴക്കെടുതിയെത്തുടർന്നുള്ള ദുരന്തങ്ങളിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. കഴിഞ്ഞ ഒരാഴ്ചക്കിടെ 39 പേരാണ് മഴക്കെടുതിയിൽ മരിച്ചതെന്നും ആറു പേരെ കാണാതായതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ദുരിതത്തിലായവരെ സർക്കാർ കൈവിടില്ല. മഴക്കെടുതിയിൽ 217 വീടുകൾ പൂർണമായും 1393 വീടുകൾ ഭാഗികമായും തകർന്നു.
ഇരട്ട ന്യൂനമർദ്ദമാണ് അതിതീവ്ര മഴക്ക് കാരണമായത്. ദുരിതത്തിലായ കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ 304 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3851 കുടുംബങ്ങൾ ഇവിടെയുണ്ട്. ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നതായി പ്രതിപക്ഷവും അറിയിച്ചു. അതേസമയം, മുന്നറിയിപ്പ് സംവിധാനങ്ങളിലുണ്ടായ പാളിച്ചകൾ പരിശോധിക്കണമെന്ന് കെ. ബാബു ആവശ്യപ്പെട്ടു.
എംഎൽഎമാരിൽ ഭൂരിഭാഗവും ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു മണ്ഡലങ്ങളിലായ സാഹചര്യത്തിൽ ഇന്നു മുതൽ വെള്ളിയാഴ്ച വരെ നിയമസഭ ചേരില്ലെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്ന തരത്തിലുള്ള അതിതീവ്ര മഴ ഇന്നുമുതൽ ഉണ്ടായില്ലെങ്കിൽ അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും നിയമസഭ ചേരും.
സഭ ചേരാത്ത ദിനങ്ങളിലെ ബില്ലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ ഇന്നു ചേരുന്ന കാര്യോപദേശക സമിതി യോഗത്തിലുണ്ടാകും. നിലവിൽ നവംബർ 11 വരെയാണ് നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. ഇതു നീട്ടണമോ അതോ ഈ ദിവസങ്ങളിൽ കൂടുതൽ ബില്ലുകൾ പരിഗണിക്കണമോ എന്നത് അടക്കം കാര്യോപദേശക സമിതിയിൽ തീരുമാനമുണ്ടാകും.