കോവിഡ് ബാധിച്ചു മരിച്ചതു വീട്ടിലോ? എങ്കില്‍ ലിസ്റ്റില്‍നിന്നു പുറത്ത്!
തിരുവനന്തപുരം:തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചതു വീട്ടിൽവച്ചാണോ? എങ്കിൽ സർക്കാരിന്റെ കോവിഡ് മരണ ലിസ്റ്റിൽ ഉൾപ്പെടുമെന്നതു വ്യാമോഹം മാത്രം. കോവിഡ് മരണങ്ങൾ ഉൾപ്പെടുത്താനും അപ്പീൽ നൽകാനുമായി ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്ന വെബ്സൈറ്റിലാണ് കെണിയൊരുക്കി വച്ചിരിക്കുന്നത്.
സൈറ്റിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെങ്കിൽ ആശുപത്രി രേഖകൾ നിർബന്ധമാക്കിയതാണ് ആയിരക്കണക്കിനു പേർക്കു കുരുക്കായിരിക്കുന്നത്. ഇതുമൂലം വീട്ടിൽ തന്നെ കഴിഞ്ഞു കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കൊന്നും സൈറ്റിൽ രജിസ്റ്റർ ചെയ്യാനോ അപ്പീൽ നൽകാനോ കഴിയാത്ത സ്ഥിതിയാണ്.
ആശുപത്രി രേഖകൾ സൈറ്റിൽ സമർപ്പിച്ചെങ്കിൽ മാത്രം അപേക്ഷാ ഫോം സമ്മിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ചികിത്സാ രേഖ നിർബന്ധമാക്കിയതോടെ കോവിഡും അനുബന്ധ രോഗങ്ങളും ബാധിച്ചു വീട്ടിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനോ അപ്പീൽ അപേക്ഷ സമർപ്പിക്കാനോ കഴിയാത്ത അവസ്ഥയായി. സാങ്കേതികത്വത്തിൽ കുടുങ്ങി സാധാരണക്കാർ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവരുടെ പട്ടികയിൽനിന്നു പുറത്താകുമെന്ന സ്ഥിതിയാണ്.
ചികിത്സ തേടിയ ആശുപത്രിയിലെ രേഖകളും തീയതിയും അടക്കമുള്ള വിവരങ്ങൾ നൽകാത്തവരുടെ ഓണ്‍ലൈൻ അപേക്ഷകൾ പൂർത്തിയാക്കാനാകുന്നില്ലെന്നാണു പ്രധാന പരാതി.
കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും തദ്ദേശ സ്ഥാപനത്തിന്റെ മരണ സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്തിട്ടും മരിച്ചവരുടെ ആശുപത്രി രേഖകൾ നിർബന്ധമാക്കിയത് സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ കുറച്ചുകാണിക്കുന്നതിനുള്ള ഗൂഢശ്രമമാണെന്ന് ആരോപണമുണ്ട്.
ആശുപത്രി രേഖകൾ ഹാജരാകാത്തവർക്കു തദ്ദേശ സ്ഥാപനത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം പോലും ഓണ്‍ലൈൻ അപേക്ഷാ പോർട്ടലിൽനിന്ന് എടുക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ.
ആരോഗ്യവകുപ്പിന്റെ അനാസ്ഥ മൂലം അപ്പീൽ അപേക്ഷ പോലും നൽകാനാകാതെ സാധാരണക്കാർ വലയുന്പോൾ, ചികിത്സാരേഖ നിർബന്ധമാക്കിയിട്ടില്ലെന്ന പതിവു മറുപടി മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.
കോവിഡ് ബാധിച്ചു വീട്ടിൽ മരിച്ചവരെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യയിൽ ഉൾപ്പെടുത്തുന്നില്ലെന്ന ആക്ഷേപം വ്യാപകമായതോടെയാണ് ഓണ്‍ലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടത്. കോവിഡ് ബാധിച്ചു വീട്ടിൽ മരിച്ചവർക്കും ആശുപത്രിയിൽ മരിച്ചവരുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സാങ്കേതിക നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും അടക്കമുള്ളവർ നിയമസഭയെ അറിയിച്ചത്.
കേരളത്തിലെ കോവിഡ് മരണസംഖ്യ കുറച്ചു കാണിക്കുന്നതിനായി സർക്കാർ തലത്തിൽ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കു സുപ്രീംകോടതി നിർദേശ പ്രകാരം 50,000 രൂപയുടെ ഒറ്റത്തവണ ധനസഹായം നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന (ബിപിഎൽ) കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം മൂന്നു വർഷം ധനസഹായം വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചിരുന്നു.