കാസർകോട് :പതിറ്റാണ്ടുകളായി തുടരുന്ന വികസന മുരടിപ്പിൽ നിന്ന് ജില്ലാ ആസ്ഥാന നഗരിയായ കാസർകോടിന് ശാപമോക്ഷം ഉറപ്പാക്കാൻ പിണറായി സർക്കാരും തദ്ദേശഭരണ വകുപ്പും സക്രിയമായി ഇടപെടാൻ തീരുമാനിച്ചതോടെ കാസർകോട് നഗരത്തിൽ ഇനിയുള്ളനാളുകളിൽ നിത്യവിസ്മയമായ ജനക്ഷേമ വികസന പദ്ധതികൾ നടപ്പാകും.നഗരത്തിലെ വികസന കാര്യത്തിൽ നഗരസഭാ ഭരണസമിതി പുറംതിരിഞ്ഞു നിന്നതോടെയാണ് ഒന്നാം പ്രളയക്കാലത്ത് ചുമതലയേറ്റ ജില്ലാ കളക്ടർ ഡി.സജിത്ബാബു പ്രത്യക്ഷ കര്മപദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.കാസർകോട് ജില്ലയുടെ സമഗ്ര വികസനത്തിനൊപ്പം ജില്ലാ ആസ്ഥാനനഗരിയുടെ മുഖം മിനുക്കാൻ തന്നെയാണ് ജില്ലാ കളക്ടറുടെ നീക്കം.ഇതിന് പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെയും പിന്തുണ കളക്ടർ ഇതിനകം നേടിക്കഴിഞ്ഞു.ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും അനുയോജ്യമായ വികസന പദ്ധതികൾ ജില്ലാ ഭരണകൂടം നടപ്പാക്കി വരികയാണ്.ജില്ലാ വികസന പാക്കേജിൽ വകയിരുത്തിയാണ് പദ്ധതികൾ യാഥാർഥ്യമാക്കുന്നത്.ഇതിന് കക്ഷി-മത ഭേദമന്യേ പിന്തുണയും കിട്ടുന്നുണ്ട്.ഇതിനെതിരെ ഉയരുന്ന പ്രതിബന്ധങ്ങളെ ജനകീയ പ്രതിരോധത്തോടെ തട്ടിനീക്കുന്നുമുണ്ട്.വികസനപദ്ധതികൾകേതിരെ വ്യവഹാരത്തിന്റെ നൂലാമാലകളിൽ കുടുക്കിയിടാനുള്ള ശ്രമങ്ങളെയെയും അതേനാണയത്തിൽ തിരിച്ചടിച്ചാണ് കളക്ടർ മുന്നോട്ടു നീങ്ങുന്നത്.സാംസ്ക്കാരിക-വിദ്യാഭ്യാസ -ബൗദ്ധിക -കാർഷിക രംഗത്തും നിത്യ നൂതനമായ പദ്ധതികളിലും കാർഷിക ശാസ്ത്രജ്ഞൻ കൂടിയായ കളക്ടറുടെ കയ്യൊപ്പ് ഇതിനകം പതിഞ്ഞു കഴിഞ്ഞു.
അതിനിടെ നഗരസഭ പാട്ടത്തിനെടുത്ത് കൈവശം വച്ചിരുന്ന താളിപ്പടുപ്പ് മൈതാനം സർക്കാർ ഏറ്റെടുക്കണമെന്ന്ഇന്നലെ ചേർന്ന താലൂക്ക് വികസന സമിതി യോഗം ശുപാർശ ചെയ്തു. സർക്കാർ അധീനതയിലുള്ളതും പാട്ടത്തിന് നൽകിയതുമായ മുഴുവൻ ഭൂമിയുടെയും കരാർ വ്യവസ്ഥകൾ 2012ൽ റദ്ദാക്കി ഉത്തരവിറക്കിയിരുന്നു.
നഗരസഭ കൈവശം വച്ച് ഉപയോഗപ്പെടുത്തിയ മൈതാനം തിരിച്ചുപിടിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് മൂന്നുമാസമായി താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായിരുന്നു.
അഞ്ച് ഏക്കർ ഭൂമിയാണ് മൈതാനത്തിനുണ്ടായിരുന്നത്. ഇതിന്റെ പല ഭാഗങ്ങളും സമീപവാസികൾ കൈയേറി നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇവ ഒഴിപ്പിക്കാനുള്ള നടപടികളും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായില്ല. പാട്ടവ്യവസ്ഥകൾ പൂർണമായും ലംഘിച്ചതിനെ തുടർന്നാണ് മൈതാനത്തിന്റെ കരാർവ്യവസ്ഥ റദ്ദാക്കാൻ താലൂക്ക് വികസന സമിതി ഒറ്റക്കെട്ടായി തീരുമാനിച്ചത്.
ജില്ലയ്ക്ക് ഗുണകരമാകുന്നവിധം താളിപ്പടുപ്പ് മൈതാനത്തെ മികച്ച രീതിയിൽ മാറ്റിയെടുക്കുന്നതിൽ കടുത്ത വീഴ്ചയാണ് നഗരസഭാ ഭരണക്കാർ കാട്ടിയതെന്ന് വികസനസമിതി യോഗം വിലയിരുത്തി. വർഷങ്ങളായി കൈവശം വച്ചിട്ടും നവീകരണ പ്രവർത്തനങ്ങളൊന്നും നഗരസഭ നടത്തിയില്ല. മിക്കപ്പോഴും പകൽ ഡ്രൈവിങ് പരിശീലനമാണ് മൈതാനത്തുള്ളത്. രാത്രികാലങ്ങളിൽ കൊലപാതക കേസുകൾ അടക്കമുള്ള പ്രതികൾക്ക് വിരഹിക്കാനുള്ള പ്രദേശമായി ഇത് മാറിതൊട്ടടുത്തുള്ള അടുക്കത്ത്ബയൽ ഗവ. യുപി സ്കൂളിലെ കുട്ടികൾ കളിക്കുന്നത് ഇവിടെയാണ്. അതിനിടയിലാണ് അപകടരമായ വിധം ഡ്രൈവിങ് പരിശീലനം. ഇതിനെതിരെ വാർഡ് കൗൺസിലർ ഉൾപ്പെടെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല.
നഗരസഭയിലെ വികസന കാര്യങ്ങളും കെടുകാര്യസ്ഥതകളും ഒരുപോലെ ചർച്ചയാകുന്ന വികസന സമിതി യോഗത്തിൽ നഗരസഭാ സെക്രട്ടറി പങ്കെടുക്കാതായിട്ട് മാസങ്ങളായി . ഇതിനെതിരെ യോഗത്തിൽ കടുത്ത പ്രതിഷേധമുയർന്നു. സർക്കാറിൻറെ എല്ലാ വികസന പരിപാടികളിലും നഗരസഭ പിന്തിരിപ്പൻ നടപടിയാണ് സ്വീകരിച്ചുവരുന്നത് . പുതിയ സെക്രട്ടറി ചുമതലയേറ്റിട്ടും ഭരണസമിതിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. പുതുതായി ചാർജെടുത്ത ഉദ്യോഗസ്ഥർ കാസർകോട് മാറ്റങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും ഭരണസമിതി യിലെ ഒരു വിഭാഗം പഴയതുപോലെതന്നെ മതിയെന്ന തീരുമാനത്തിലാണ് . ഇക്കഴിഞ്ഞ കൗൺസിലിൽ കഴിഞ്ഞ കാലയളവിലെ ഭരണപരാജയം സെക്രട്ടറി അക്കമിട്ടു നിരത്തിയപ്പോൾ പല സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും മുഖത്ത് പുച്ഛമായിരുന്നു. താലൂക്ക് സഭയുടെ നിർദ്ദേശപ്രകാരം
താളിപ്പടുപ്പ് മൈതാനം സർക്കാർ തിരികെ ഏറ്റെടുക്കുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള മികച്ച സ്റ്റേഡിയം ജില്ലയ്ക്ക് സ്വന്തമാകാൻ സാധ്യതയേറി. സംസ്ഥാന കായികവകുപ്പ് സ്റ്റേഡിയം നിർമാണത്തിനായി ഓരോ ജില്ലയ്ക്കും വൻ തുകയാണ് അനുവദിക്കുന്നത്.
ദേശീയപാതയോരത്ത് സൗകര്യപ്രദമായ നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ മൈതാനത്തെ ഉപയോഗപ്പെടുത്താൻ സാധ്യതയേറിയിട്ടുണ്ട്.
റിപ്പോർട്ട്:
കെ.എസ.ഗോപാലകൃഷ്ണൻ