എന്റെ മരണത്തോട് കൂടിയെങ്കിലും മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കണം, സർക്കാറിനെതിരെ എഫ്.ബി പോസ്റ്റിട്ട് ഹോട്ടൽ ഉടമ ആത്മഹത്യ ചെയ്തു
ചങ്ങനാശ്ശേരി: അശാസ്ത്രീയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഹോട്ടൽ തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്തു. സർക്കാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് കുറിച്ചി ഔട്ട് പോസ്റ്റില്‍ വിനായക ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സരിന് മോഹന്‍(കണ്ണന്-38) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനു മുമ്പില്‍ ചാടി ജീവനൊടുക്കിയത്.
ആറു മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നുവെന്നും അശാസ്ത്രീയമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് ജീവിതം തകർത്തതെന്നും കുറിപ്പെഴുതിയാണ് സരിൻ ജീവിതം അവസാനിപ്പിച്ചത്. മറ്റിടങ്ങളിൽ ആളുകൾക്ക് പുറത്തുപോവാൻ കഴിയുേമ്പാൾ ഹോട്ടലിൽ മാത്രം ആളുകൂടുന്നതിനും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സർക്കാർ വിലക്കിയത് കടക്കെണി കൂട്ടി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെയും ബ്ലേയ്ഡ് മാഫിയയുടെ ഭീഷണിയും ഉയർന്നെന്നും ആറു വർഷം ജോലി ചെയ്താലും ബാധ്യതകൾ തീരില്ലെന്നും കുറിപ്പിൽ പറയുന്നു. എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ രക്ഷിക്കണമെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്.
എഫ്.ബി കുറിപ്പിന്റെ പൂർണ രൂപം:
”ആറ് മാസം മുമ്പ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട് കാര്യം ഇല്ല.
എന്റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്റെ കയ്യില്‍ ഉള്ളപ്പോള്‍ സ്നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്റെ കുടുംബത്ത സഹയിക്കുക. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്. എന്റെ ഫോണ്‍ എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക് ഓണ്ലൈനന് ക്ലാസ് ഉള്ളതാണ്”.
അറിഞ്ഞിരുന്നേല് സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചുവെന്നാണ് പോസ്റ്റിലെ അവസാനത്തെ വരി. കുടുംബത്തെ സഹായിക്കുന്നതിനായി അക്കൗണ് നമ്പറും പോസ്റ്റിലിട്ടിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.