ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റർ വെള്ളം, പെരിയാർ തീരത്ത് അതീവ ജാഗ്രത
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.35 സെന്റീമീറ്റർ വരെയാണ് ഒരോ ഷട്ടറും ഉയർത്തിയത്. ഘട്ടം ഘട്ടമായിട്ടായിരുന്നു ഷട്ടറുകൾ തുറന്നത്. മൂന്നാമത്തെ ഷട്ടർ 11.05നും, രണ്ടാമത്തെ ഷട്ടർ 11.59നും, നാലാമത്തെ ഷട്ടർ 12.28നുമാണ് ഉയർത്തിയത്.സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.ചെറുതോണി പാലത്തിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും.മന്ത്രിമാരായ റോഷി അഗസ്റ്റിനും, കെ കൃഷ്ണൻകുട്ടിയും സാഹചര്യം വിലയിരുത്തി.പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.മൂന്ന് വർഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.ഇത് നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.