കനത്ത മഴ: ഉത്തരാഖണ്ഡിൽ അഞ്ച് മരണം, വൻ നാശനഷ്ടം, തീർത്ഥാടനം നിലച്ചു, സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചു
ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ മൂന്ന് ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ നേപ്പാളിൽ നിന്നുള്ള മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ പോരി ജില്ലയിൽ തങ്ങുകയായിരുന്ന തൊഴിലാളികൾക്കുമേൽ സമീപത്തെ പാടത്തിൽ നിന്നും ഒഴുകി വന്ന അവശിഷ്ടങ്ങൾ വന്നു പതിക്കുകയായിരുന്നു. ചമ്പാവത്ത് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്നാണ് മറ്റ് രണ്ട് പേർ മരിച്ചത്.ഉത്തരാഖണ്ഡിലെ പ്രധാന തടാകമായ നൈനിറ്റാൾ കവിഞ്ഞൊഴുകി സമീപത്തെ വീടുകളും തെരുവുകളും തകർക്കുന്നു
രക്ഷാപ്രവർത്തകർ സംസ്ഥാനത്തുടനീളം നിരവധി പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ ഡിസാസ്റ്റർ റെസ്പോൺസ് സംഘം കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനിടെ കുടുങ്ങിയ 22 തീർത്ഥാടകരെ രക്ഷപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ തീർത്ഥാടകർ യാത്ര മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചു.