കാര്‍ വാടകക്കെടുത്ത് മറിച്ചുവില്പന; ഇരിക്കൂര്‍ സ്വദേശി അറസ്റ്റിൽ
ഇരിക്കൂര്‍: വിവിധ സ്ഥലങ്ങളില്‍നിന്ന് കാറുകള്‍ വാടകക്കെടുത്ത് മറിച്ചുവിൽപന നടത്തിയ യുവാവിനെ ആറളം എസ്.ഐ പി.വി. ശ്രീജേഷിെൻറ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ കണിയാങ്കണ്ടി ഹൗസിൽ നാസറിനെയാണ്(42) അറസ്റ്റ് ചെയ്തത്.
റെൻറ് എ കാര്‍ സംവിധാനത്തില്‍ കാറുകള്‍ വാടകക്ക് നല്കുന്നവരില് നിന്ന് ദിവസങ്ങളോളം വാഹനം വേണമെന്നു പറഞ്ഞ് കാര്‍ എടുത്ത ശേഷം ആര്.സിയുടെ പകര്‍പ്പെടുത്ത് മറിച്ചുവിറ്റായിരുന്നു തട്ടിപ്പ്. ഇതിനിടെ പഴയങ്ങാടിയിലുള്ള ഒരാളുടെ സ്വിഫ്റ്റ് കാര്‍ ഇയാള്‍ വാടകക്കെടുക്കുകയും കീഴ്പള്ളി സ്വദേശിക്കു വില്‍ക്കുകയുമായിരുന്നു. മാസങ്ങളായിട്ടും വാഹനം കൊണ്ടുപോയ നാസറിനെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്കി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ണൂരിലെ ഒരു ലോഡ്ജിൽ ഇയാള്‍ പിടിയിലാകുന്നത്. ഭിന്നശേഷിക്കാരനായ ഇയാൾ നിരവധിയാളുകളെ വഞ്ചിച്ചിട്ടുണ്ട്. ഇരകളായവർ ഇയാൾക്കെതിരെ കേസ് കൊടുക്കുമ്പോഴും പണം തിരിച്ചുനൽകാൻ ആവശ്യപ്പെടുമ്പോഴും ഭീഷണിപ്പെടുത്തുകയും ശാരീരിക ദൈന്യത അവതരിപ്പിച്ച് കേസിൽനിന്ന് തടിതപ്പുകയാണ് പതിവ്.
ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ട് കേസുകൾ നിലവിലുണ്ട്. ആയിപ്പുഴ സ്വദേശി മുഹമ്മദ് അമീൻ ഉസ്താദിൽ നിന്ന് പലിശരഹിത വായ്പ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഫോട്ടോകോപ്പി രേഖകൾ വാങ്ങി. തുടർന്ന് ആ രേഖകൾ വെച്ച് രണ്ട് ബൈക്കുകൾ ലോണിൽ വാങ്ങുകയും ചെയ്തു. ഒന്നര വർഷങ്ങൾക്കുശേഷം അടവു തെറ്റിയതു കാരണം ഫിനാൻസ് ഉദ്യോഗസ്ഥർ വീട്ടിൽ വന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് അറിഞ്ഞത്. ഉടൻ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. നിടുവള്ളൂർ സ്വദേശിയിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസും ഇപ്പോൾ നിലവിലുണ്ട്. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ഷാനവാസിൽ നിന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈതച്ചക്ക കച്ചവടം ചെയ്യാൻ വാങ്ങി. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി.
തുടർന്ന് വക്കീൽ നോട്ടീസ് അയച്ചിട്ട് ഒരു മറുപടി പോലും നൽകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. എസ്.ഐയെ കൂടാതെ എ.എസ്.ഐ നാസര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത്, സി.പി.ഒ പ്രജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മട്ടന്നൂര്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.