ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. നാർകോപി പൊലീസ് സ്റ്റേഷൻ പരിസരത്ത് മുർഹാര പർവത പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം.
ജാത്ര മേള കാണാൻ പോയതായിരുന്നു പെൺകുട്ടി. മുർഹാര പർവതത്തിന് സമീപം ബസ് ഇറങ്ങിയ പെൺകുട്ടി തൊട്ടടുത്ത ഗ്രാമത്തിലേക്ക് നടന്നുപോകുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ പെൺകുട്ടിയുടെ സമീപമെത്തുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.
‘അവർ മൊബൈൽ നമ്പറുകൾ കൈമാറി. ജാത്ര മേള നടക്കുന്ന സ്ഥലത്തേക്ക് പോകാനായി ലിഫ്റ്റും വാഗ്ദാനം ചെയ്തു. പെൺകുട്ടി ബൈക്കിൽ കയറിയതോടെ ഇരുവരും പെൺകുട്ടിയെയും കൂട്ടി പർവതത്തിന് സമീപത്തേക്ക് പോകുകയായിരുന്നു. പെൺകുട്ടി എതിർത്തതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പർവതത്തിന്റെ മുകളിലെത്തിച്ചശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ശേഷം ദേഹോപദ്രവം ഏൽപ്പിച്ചതായും പെൺകുട്ടി പറഞ്ഞു’ -പൊലീസ് പറഞ്ഞു.
കുറ്റകൃത്യത്തിന് ശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ‘പെൺകുട്ടി എങ്ങനെയോ മലയിറങ്ങി റോഡിന് സമീപമെത്തിയിരുന്നു. റോഡിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു’ -പൊലീസ് പറഞ്ഞു.
തുടർന്ന് പ്രദേശവാസികൾ നാർേകാപി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലീസെത്തി ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.