മഞ്ചേശ്വരത്തെ ‘വിവാഹ’ പോസ്റ്റില്‍ വിശദീകരണവുമായി എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് അഡ്മിന് പാനല്‍
കാസര്‍കോട്: മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാവിന്റെ വിവാഹ ചിത്രം പങ്കുവച്ചത് വിവാദമായതോടെ വിശദീകരണവുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് അഡ്മിന് പാനല്‍. മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്റെയും ജ്യേഷ്ഠൻ ഷഫീഖിന്റേയും വിവാഹ പരിപാടികളിൽ പങ്കെടുത്ത ശേഷമമുള്ള ചിത്രം പോസ്റ്റ് ചെയ്തത് എംപി യുടെ അറിവോ സമ്മതമോ ഇല്ലാതെ ആയിരുന്നുവെന്ന് ഫേസ്ബുക്ക് പേജിന്റെ അഡ്മിന് പാനല്‍ അറിയിച്ചു,
ഇന്നലെ ചെയ്ത പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതോടെ പിൻവലിച്ചിരുന്നു, ഇതിൽ ക്ഷുഭിതനായ എംപി നൽകിയ ശക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വധൂവരന്മാരുടെ അടക്കമുള്ള മുഴുവൻ ഫോട്ടോയും ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നുവെന്നും അഡ്മിന് പാനല്‍ വ്യക്തമാക്കി. വധൂവരന്മാരുടെ ചിത്രം പങ്കുവച്ച് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിവാഹവേദിയില്‍ വരന്മാര്ക്കൊപ്പം എംപി നില്ക്കുന്ന ചിത്രത്തിലെ കുറിപ്പും ചിത്രത്തില്‍ വധുക്കളുടെ അഭാവവും വ്യാപകമായി ചര്‍ച്ചയായിരുന്നു. വിമര്‍ശനവും ട്രോളുകളും വന്നതിന് പിന്നാലെ പല തവണ കുറിപ്പ് മാറ്റിയെങ്കിലും പിന്നീട് പോസ്റ്റ് എം പി പിന്‍വലിക്കുകയായിരുന്നു. മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പ്രതികരിച്ചത്.