കാസർകോട് : വിവിധ ഹോട്ടലുകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വ്യത്യസ്ത വിലകള്‍ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ് നടത്തുവാന്‍ കാസര്‍കോട് താലൂക്ക് വികസന സമിതി തീരുമാനിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ സ്പെഷ്യല്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ കവാടം മോടി പിടിപ്പിക്കും. കാസര്‍കോട് പുതിയ സ്റ്റാന്റ്, പഴയ സ്റ്റാന്റ് പരിസരങ്ങളില്‍ ഹൈപ്രഷര്‍ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. താലൂക്ക് ഭരണ സമിതിയോഗത്തില്‍ ഉത്തരവാദിത്തപ്പെട്ട എല്ലാ ഉദ്യാഗസ്ഥരും പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടര്‍ (ലാന്റ് റവന്യൂ) അഹമ്മദ് കബീര്‍, താഹസില്‍ദാര്‍(ഭൂരേഖ)എല്‍.എസ് അനിത, തഹസില്‍ദാര്‍ എ.വി രാജന്, എന്നിവര്‍ സംസാരിച്ചു.വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.