ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം നഞ്ചില്‍ കുഞ്ഞിരാമന് നിര്യാതനായി
കാസര്‍കോട്:ബി. ജെ. പി യുടെ ജില്ലയിലെ സ്ഥാപക നേതാക്കളില്‍ ഒരാളും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ നഞ്ചില്‍ കുഞ്ഞിരാമന് (76)അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. കാസറകോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1946ല്‍ എം. കുഞ്ഞമ്പു നായരുടെയും കൂക്കള്‍ കുഞ്ഞമ്മാറമ്മയുടെയും മകനായി ചെമ്മനാട് ജനിച്ച കെ.കുഞ്ഞിരാമന് നായര്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നഗരത്തിലെ ഓട് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ജോലിയോടൊപ്പം തന്നെ രാഷ്ട്രിയ പ്രവര്‍ത്തനവും തുടങ്ങിയ കുഞ്ഞിരാമന് അതില്‍ പ്രവര്‍ത്തന നിരതനായി.1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ കേരളത്തില്‍ തന്നെ നടന്ന ആദ്യ സമരത്തിന്റെ മുന്നണി പോരാളിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രൂരമായ മര്‍ദ്ദനവും ജയില്‍ ശിക്ഷയും അനുഭവിച്ചു. ജില്ലാ രൂപീകരണ സമയത്ത് നടന്ന സമരമുഖങ്ങളില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിച്ചു.ബി.ജെ.പി.യുടെ ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ ട്രെഷറര്‍, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.34വര്‍ഷം ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നു. ഭാര്യ പി. സാവിത്രി, മക്കള്‍ പി. ഉഷ, പി.രതീഷ്, പി.രമ്യ, പി.സുരേഷ്.