ഗാന്ധിയുടെ നിർദ്ദേശപ്രകാരമല്ല ‘സവർകറുടെ മാപ്പ്’; പ്രതിരോധമന്ത്രിയുടെ പ്രസ്താവന തള്ളി ഗാന്ധിയുടെ കൊച്ചുമകൻ
മുംബൈ: ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പപേക്ഷിച്ചതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി . ചരിത്രം ആവശ്യാനുസരണം തിരുത്തി എഴുതാനുള്ള മോശം ശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. സവർകറുടെ പുസ്തകങ്ങൾ പഠിക്കുന്നതിൽ തെറ്റില്ലെങ്കിലും അത്തരം പുസ്തകങ്ങളുടെ ലക്ഷ്യം ഓർത്ത് വേണം പഠിപ്പിക്കാനെന്ന് കണ്ണൂർ സവർകലാശാലയിലെ സിലബസ് വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം മോശം നീക്കമാണ്. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവർക്കർ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ തേടി സവർക്കറുടെ സഹോദരൻ ഒരിക്കൽ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കിൽ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്. പക്ഷേ അതിനുമുമ്പുതന്നെ 11 തവണ സവർക്കർ മാപ്പപേക്ഷ നടത്തിയതാണ്. അതെല്ലാം മറച്ചുവെച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ഗാന്ധിയൻ ആശയങ്ങൾ പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാർട്ടികൾ പോലും പോലും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വരുന്നില്ല. ആദർശങ്ങളും ആശയങ്ങളും മറന്നു തെരഞ്ഞെടുപ്പു വിജയം മാത്രമായി രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യമെന്ന് പറഞ്ഞ തുഷാർ ഗാന്ധി കണ്ണൂർ യൂണിവേഴ്സിറ്റി സിലബസ് വിവാദത്തെക്കുറിച്ചും പ്രതികരിച്ചു. സവർക്കറുടെ പുസ്തകങ്ങൾ പാഠഭാഗം ആകുന്നതിൽ തെറ്റില്ല. തെറ്റും ശരിയും തിരിച്ചറിയാൻ എല്ലാം പഠിക്കുന്നത് നല്ലതാണ്. പക്ഷേ സവർക്കറുടെ പുസ്തകങ്ങൾ പഠിപ്പിക്കുമ്പോൾ ജാഗ്രത വേണം. സവർക്കർ തൻറെ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ആണ് പുസ്തകങ്ങൾ എഴുതിയത് എന്ന കാര്യം മറക്കരുത് എന്നും തുഷാർ ഗാന്ധി പറഞ്ഞു.