കോണ്‍ഗ്രസുകാര്‍ എന്നെ തിരഞ്ഞ് ടോര്‍ച്ചടിക്കേണ്ട; കെ.സി വേണുഗോപാല്‍ ബിജെപി ഏജന്റ്: പ്രതികരണവുമായി പി വി അന്‍വര്‍
മലപ്പുറം: തന്നെ സംബന്ധിച്ച് ഇനി ആഫ്രിക്ക പൊളിയരുത് എന്നേയുള്ളൂവെന്നും കേരളം താന്‍ വിട്ടുവെന്നും പി.വി.അന്‍വര്‍ എംഎല്‍എ. ‘കേരളം ഞാന്‍ പൂര്‍ണ്ണമായും വിട്ടു. തടയണ പൊളിക്കുകയോ വീണ്ടും കെട്ടുകയോ എന്ത് വേണമെങ്കിലും ചെയ്യാം. ഈ മണ്ണില്‍ രാഷ്ട്രീയവും വ്യക്തിത്വവും പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു കച്ചവടവും ഇവിടെ പാടില്ലെന്ന് തീരുമാനിച്ചവനാണ് താന്‍. ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും പി.വി.അന്‍വര്‍ ഇനി ആഗ്രഹിക്കുന്നില്ല’ അന്‍വര്‍ പറഞ്ഞു.
ആഫ്രിക്കയിലെ സിയാറ ലിയോണില്‍ നിന്നെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
തന്നെ തിരഞ്ഞല്ല കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നടക്കേണ്ടത്. എഐസിസി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിക്കേണ്ടത്. കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപിയുടെ ഏജന്റാണ് കെ.സി.വേണുഗോപാല്‍. വെറുതെ പറയുക അല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. ഗോവയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മന്ത്രിസഭ രൂപീകരിക്കുന്നതിന് തടസ്സമായത് കെ.സി.വേണുഗോപാല്‍. പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായി കൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ഏല്‍പ്പിച്ച ഏജന്റായി പ്രവര്‍ത്തിക്കുകയാണ് കെ.സി.വേണുഗോപാലെന്നും അന്‍വര്‍ ആരോപിച്ചു. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയിക്ക് നാടുകാണി ചുരത്തിലെ കുട്ടിക്കുരങ്ങിന്റെ വിലയേ ഉള്ളൂവെന്നും അന്‍വര്‍ പറഞ്ഞു.
പരനാറികളായിട്ടുള്ള ചില ആളുകള്‍ ഇവിടെയുണ്ട്. എംഎല്‍എ ആയി കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്നാല്‍ എന്ത് തെമ്മാടിത്തരവും പറയാമെന്നാണ് ഇവരുടെ തോന്നല്‍. അതെല്ലാം കേട്ട് സഹിക്കണം എന്ന ധാരണ ചില ആളുകള്‍ക്കുണ്ട്. ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരത്തിന്റെ ഒരു പരിധി വരെ നമ്മളൊക്കെ ക്ഷമിക്കും. അത് പരിധിവിട്ടാല്‍ അതിനനുസരിച്ച് മറുപടി കൊടുക്കാന്‍ വ്യക്തിപരമായി താന്‍ ബാധ്യസ്ഥാനാണെന്നും അന്‍വര്‍ വ്യക്തമാക്കി.
പെട്ടിക്കട നടത്തേണ്ട രാജ്യത്ത് അത് നടത്തി ജീവിക്കാനുള്ള സമ്പത്ത് ഉണ്ടാക്കി പൊതുസമൂഹത്തിന് മുന്നില്‍ സിപിഎമ്മിന്റെ മുന്നണി പോരാളിയായി നിന്ന് ഈ മണ്ണില്‍ മരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
60 ദിവസം തുടര്‍ച്ചയായി നിയമസഭയില്‍ എത്താതിരുന്നാല്‍ അന്‍വര്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം എന്ന ആവശ്യം യു.ഡി.എഫ്. ശക്തമാക്കുന്നതിനിടയിലാണ് അന്‍വര്‍ നാട്ടിലെത്തിയത്.