ഒടുവില്‍ സമ്മതം മൂളി ഇന്ത്യയുടെ ‘വന്മതില്’രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാകും
ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്.
വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ 14-ാം സീസണ് ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യു.എ.ഇയില്‍ ഈ മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന് രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇന്ത്യന്‍ പരിശീലകനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ഗാംഗുലിയുടെയും ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങി ദ്രാവിഡ് സമ്മതം മൂളിയതായി ഒരു ഉന്നത ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു വര്‍ഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.
നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.