കോവിഡിൽ ശരീരം തളർന്ന വീട്ടമ്മ ആസിഡ് കുടിച്ച് മരിച്ചു
ചീമേനി: കോവിഡ് ബാധിച്ചതിനെത്തുടർന്ന് ശരീരം തളർന്നതിന്റെ മാനസിക വിഷമത്തിൽ വീട്ടമ്മ ആസിഡ് കഴിച്ചു മരിച്ചു. ചീമേനി ഞണ്ടാടിയിലെ നാൽപ്പത്തിയഞ്ചുകാരിയാണ് ആസിഡ് അകത്തുചെന്ന് മരിച്ചത്.
ഞണ്ടാടി കോയിക്കൽ ഹൗസിൽ ബാബു ജോസിന്റെ ഭാര്യ വിൻസി ബാബുവാണ് ഒക്ടോബർ 13– ന് സന്ധ്യയ്ക്ക് 6–30 മണിക്ക് വീട്ടിനുള്ളിൽ ആസിഡ് കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് ബാധിച്ചതിനെത്തുടർന്നുണ്ടായ ശാരീരികാസ്വസ്ഥതകളിൽ ഇവർക്ക് കടുത്ത മനോവിഷമമുണ്ടായിരുന്നു. മൃതദേഹം ചീമേനി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിന് ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.