നരേന്ദ്ര മോദി രാജ്യത്തെ വിറ്റ് തുലക്കുന്നു കെ.വി.കൃഷ്ണന്
കാഞ്ഞങ്ങാട്: നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റ് തുലക്കുന്ന സമീപനമാണ് കോവിഡ് മഹാമാരിയുടെ മറവിൽ നടത്തുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണൻ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകളെ പാലൂട്ടി വളർത്തുന്ന കേന്ദ്ര സർക്കാർ കോടിക്കണക്കിന് പട്ടിണി പാവങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകദ്രോഹ നിയമ നിർമ്മാണത്തിലൂടെ കർഷകരെ പാടത്ത് നിന്നും അകറ്റിയ സർക്കാർ ഇപ്പോൾ അവരെ അരുംകൊല ചെയ്യുന്ന സാഹചര്യമാണ് വന്നു ചേർന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ തൊഴിലാളി ഐക്യനിര കെട്ടിപ്പടുക്കാൻ വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ മുൻ കൈ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ജില്ലാ പ്രസിഡണ്ട് ഇ.വി മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജുരാജ് സി.കെ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റിയംഗം നരേഷ് കുമാർ കുന്നിയൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.പത്മനാഭൻ, സുരേന്ദ്രൻ .ടി,
സദർ റിയാസ്, സി.വി.ബാബുരാജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സജയൻ .എ രക്തസാക്ഷി പ്രമേയവും , പ്രീത. കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസാദ് കരുവളം നന്ദി പറഞ്ഞു.