കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്,പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ല: മന്ത്രി റിയാസ്
കോഴിക്കോട്: എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. ചില എം.എല്‍.എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി പറഞ്ഞു.
അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കരാറുകാരെ സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും റിയാസ് പറഞ്ഞു. ഉറക്കത്തില്‍ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. കരാറുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്.
അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപ്പോര്‍ട്ടിലും പരാമര്‍ശമുള്ള കാര്യങ്ങളാണ്. കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.
തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവര്‍ക്ക് മാത്രമാണ് ഈ മറുപടികളെന്നും മന്ത്രി പറഞ്ഞു. മാര്‍ക്കറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാര്‍ ഉണ്ടാക്കുന്നു.ഒ രു ജില്ലയുടെ ഇന്‍വോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. ഇത് കാരണം സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു.
ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇതെന്നും സമയബന്ധിതമായി പണികള്‍ തീര്‍ക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും തോണ്ടിയാല്‍ നിന്ന് പോകുന്നതല്ല വകുപ്പിന്റെ പ്രവര്‍ത്തനമെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.