കടംവാങ്ങിയ പണം നല്‍കാമെന്ന് പറഞ്ഞ് വരുത്തി; മഴു കൊണ്ട് തലക്കടിച്ചു കൊന്നു; കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; അയല്‍വാസി അറസ്റ്റില്‍
കൊച്ചി: കോതമംഗലത്ത് പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.
ചേലാട് സെവന് ആര്‍ട്സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തില് എല്‍ദോസ് പോളിനെ (40)യാണ് തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തുള്ള കനാല്‍ ബണ്ട് തിട്ടയില്‍ സ്കൂട്ടര്‍ മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയല്‍വാസിയായ എല്‍ദോ ജോയിയും മാതാപിതാക്കളുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
മരിച്ച എല്‍ദോസ് പോള്‍ രണ്ട് ലക്ഷം രൂപ എല്‍ദോ ജോയിക്ക് നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി എല്‍ദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കനാല്‍ ബണ്ട് തിട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.