കാസർകോട്: ജില്ലയില്‍ വിവിധതരം പദ്ധതികള്‍ നടപ്പിലാക്കാനും അവയുടെ നിര്‍വ്വഹണ മേല്‍നോട്ടത്തിനുമായി സര്‍വ്വീസില്‍ നിന്നും വിരമിച്ച സാങ്കേതികവും സാങ്കേതികേതര വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നതിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കും. 56 നോട്ട് ഔട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതിയില്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ ഡാറ്റാബേസ് ആണ് തയ്യാറാക്കുക. 56-ാം വയസ്സില്‍ സേവനത്തില്‍ നിന്നും വിരമിച്ചവരുടെ വൈദഗ്ദ്യം പൊതു സമൂഹത്തിന് വീണ്ടും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന പദ്ധതി ആവിഷ്ക്കരിച്ചുട്ടുളളതെന്ന് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ സേവന പരിജ്ഞാനവും സഹായങ്ങളും ഉപയോഗിച്ച് ജില്ലയിലെ ഒട്ടുമിക്ക പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതി നടപ്പിലാക്കല്‍, പദ്ധതി റിപ്പോര്‍ട്ട് നിര്‍വ്വഹണം, നിര്വ്വഹണമേല്നോട്ടം, മോണിറ്ററിംഗ് എന്നിവയ്ക്കള്ള സൗകര്യക്കുറവുകള്‍ പരിഹരിക്കാനായി, സാങ്കേതികവും സാങ്കേതികേതരവുമായ വിഭാഗങ്ങളില്‍ ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ സേവനം അനുഷ്ഠിച്ച് വിരമിച്ച ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ അടങ്ങിയ ഒരു പട്ടിക തയ്യാറാക്കി വിവിധ വകുപ്പുകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നവിധം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരില്‍ താത്പര്യമുളളവര്‍ പേര് വിവരങ്ങള്‍ ksdkdp@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹന്‍ അറിയിച്ചു.