കോവിഡ് പ്രതിസന്ധിയും യുവാക്കളിലെ മാനസിക പ്രശ്നങ്ങളും
” യുവാക്കള്‍ തളരാന്‍ പാടില്ല. വിഷാദത്തിന്റെയും നിരാശയുടെയും പടുകുഴിയിലേക്ക് ആഴ്ന്നുപോകാനുള്ളതല്ല അവരുടെ ജീവിതം. അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ സമൂഹത്തിനുമുണ്ട് ഉത്തരവാദിത്വം. ”
കോവിഡ് വ്യാപനം തച്ചുടച്ചത് യുവാക്കളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. ചിലര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം മുടങ്ങി. മികച്ച തൊഴില്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തിരിച്ചടിയായി. വിദേശയാത്രകള്‍ മുടങ്ങി. പുതിയ ബിസിനസ് ആരംഭിച്ചവര്‍ക്ക് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അങ്ങനെ എവിടെയും പ്രതിസന്ധികള്‍ മാത്രം. ഈ തിരിച്ചടികളില്‍ തളര്‍ന്നുവീണവര്‍ നിരവധിയാണ്. മറ്റുചിലര്‍ ഉയര്‍ത്തെഴുന്നേറ്റു.
പരിമിതികള്‍ അവര്‍ അവസരങ്ങളാക്കി മാറ്റി. ഈ കോവിഡ് ദുരിതത്തിനിടയില്‍ അവരുടെ ജീവിതം ലോകത്തിന് മാതൃകയാണ്. എന്നാല്‍ പ്രതിസന്ധികളില്‍ പകച്ചുപോയവര്ക്കാണ് കരുത്ത് പകരേണ്ടത്. യുവാക്കള്‍ തളരാന്‍ പാടില്ല. വിഷാദത്തിന്റെയും നിരാശയുടെയും പടുകുഴിയിലേക്ക് ആഴ്ന്നുപോകാനുള്ളതല്ല അവരുടെ ജീവിതം. അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാതിരിക്കാന്‍ സമൂഹത്തിനുമുണ്ട് ഉത്തരവാദിത്വം. അവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കരുതലും സ്വീകരിക്കേണ്ടതായിട്ടുണ്ട്.
ഉത്കണ്ഠയും വിഷാദ രോഗവും
മുതിര്‍ന്നവരില്‍ ഉത്കണ്ഠാ പ്രശ്നങ്ങളും വിഷാദ രോഗവുമാണ് കോവിഡുകാലത്തെ പ്രധാന മാനസിക പ്രശ്നങ്ങളായി കൂടുതലായും കണ്ടുവരുന്നത്. അപ്രതീക്ഷിതമായുണ്ടായ കോവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക പ്രയാസങ്ങളാണ് ഇതിനുകാരണം. മറ്റൊന്ന് കുടുംബ ബന്ധങ്ങളിലുണ്ടായ വിള്ളലാണ്.
ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, മാനസിക പിരിമുറുക്കം, രോഗങ്ങള്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഇങ്ങനെയുള്ള നിരവധി കാരണങ്ങള്‍കൊണ്ട് സ്ട്രസ് ലെവല്‍ കൂടുന്നത് ഉത്കണ്ഠാനുബന്ധ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വിഷാദം ചിലരെ ആത്മഹത്യയുടെ വക്കോളം കൊണ്ടുചെന്ന് എത്തിക്കുന്നു. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നവരില്‍ ഉത്കണ്ഠയ്ക്കും വിഷാദത്തിനും സാധ്യതകൂടുതലാണ്.മദ്യവും മയക്കുമരുന്നും
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടുന്നത് യുവാക്കളില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ജോലിയൊന്നുമില്ലാതെ വീട്ടില്‍ കുടുതല്‍ സമയം ചെലവഴിക്കുന്നതാണ് ഇതിന് പ്രധാന കാരണം. കോവിഡ് കാലത്ത് യുവാക്കളില്‍ ലഹരി ഉപയോഗം കുടിയിട്ടുണ്ട്. മദ്യത്തിന് പുറമെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. കോവിഡ് നിയന്ത്രണങ്ങളുള്ളപ്പോഴും ലഹരി വസ്തുക്കള്‍ സുലഭമായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും തുടര്‍ച്ചയായ ഉപയോഗം മൂലം കടുത്ത മാനസസിക പ്രശ്നത്തിലെത്തപ്പെട്ട നിരവധി യുവാക്കളുണ്ട്.
ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (ഓ.സി.ഡി) എന്ന അസുഖവും കൊറോണ സമയത്ത് കൂടുതലായി കണ്ടുവരുന്നു. അമിത വൃത്തിപോലുള്ള പ്രശ്നങ്ങള്‍ ഇതേത്തുടര്‍ന്ന് ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍.വിദഗ്ധ ഉപദേശം തേടുക
ഉത്കണ്ഠാ പ്രശ്നങ്ങളും വിഷാദവുമുള്ളവര് ഒരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിക്കുന്നതായിരിക്കും നല്ലത്. അവര്‍ക്ക് കൂടുതലായി ചിലപ്പോള്‍ മരുന്ന് ചികിത്സ ആവശ്യം വന്നേക്കാം.
പ്രത്യേകതരത്തിലുള്ള കൗണ്‍സലിംഗ് (കൊഗ്നറ്റീവ് ബിഹേവിയറല്‍ തെറാപ്പി) ഗുണം ചെയ്യും. സ്ട്രസ് നിരക്ക് കുറയ്ക്കുവാന്‍ ആംഗ്സൈറ്റി മാനേജ്മെന്റ് ടെക്നിക് ഉണ്ട്. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ അത് തുടര്‍ന്നുപോകാന്‍ അനുവദിക്കരുത്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇത് തിരിച്ചറിയണം. വിഷാദം അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് കഴിയും. അതിനു കഴിയാത്തപക്ഷം അവരെ കൗണ്‍സലിംഗിന് വിധേയമാക്കണം.
വ്യായാമം ശീലമാക്കാംചെറു വ്യായാമങ്ങള്‍ മാനസിക പ്രയാസങ്ങള്‍ക്ക് അയവ് നല്‍കും. ബ്രീത്തിംഗ് എക്സര്‍സൈസ്, മെഡിറ്റേഷന്‍, യോഗ, രാവിലെ നടക്കാന്‍ പോവുക, ജിം തുടങ്ങിയ ആക്ടിവിറ്റികള്‍ ഇതിന് ഒരു പരിധിവരെ സഹായിക്കും. വ്യായാമത്തിനായി സമയം കണ്ടെത്തുക.
മനസ് ശാന്തമാക്കാന്‍ കഴിയുന്ന വായന, സംഗീതം ആസ്വദിക്കുക, നല്ല സിനിമകള്‍ കാണുക എന്നിവയും ഗുണം ചെയ്യും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവര്‍ അതിന്റെ ഉപയോഗം കൂടുതലാണെന്ന് നേരത്തെ കണ്ടെത്തി ചികിത്സ തേടേണ്ടതാണ്.ചിലപ്പോള്‍ കൗണ്‍സലിംഗ് മാത്രം മതിയാവും. അതല്ലെങ്കില്‍ മരുന്നുകൊണ്ടുള്ള ചികിത്സ വേണ്ടിവന്നേക്കാം. അതുപോലെ ഒ.സി.ഡി പോലെയുള്ള അസുഖങ്ങള്‍ക്ക് മരുന്നും കൗണ്‍സലിംഗും റിലാക്സേഷന് എക്സര്‍സൈസും ആവശ്യമായി വരും. കൂടുതല്‍ തവണ കുളിക്കുക, കൂടുതല്‍ തവണ കൈകഴുകുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. യുവാക്കളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ ഉപദേശം തേടേണ്ടതാണ്.