സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു
നീലേശ്വരം: യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കത്തെ മൊയ്തീൻ – സൈനബ ദമ്പതികളുടെ മകൻ പി കെ യൂസുഫ് (41) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവ് പിന്നീട് തിരിച്ചു വന്നിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് സമീപത്തെ ചെങ്കൽ ക്വാറിയിലെ മുറിയിൽ യൂസുഫിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ ചെങ്കൽ ക്വാറിയിലെ ജോലിക്കാരനായിരുന്നു യൂസുഫ്.
ഏതാനും ദിവസം മുമ്പ് യൂസുഫ് സുഹൃത്തിന്റെ കാർ ഓടിക്കാൻ വാങ്ങിയിരുന്നു. ചെറുവത്തൂരിൽ കാർ ഒരു കടയിൽ ഇടിക്കുകയും കടഭാഗികമായി തകരുകയും ചെയ്തിരുന്നു. കടയുടമയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകുകയും ചെയ്തിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിനുണ്ടായ കേടുപാടുകൾ നന്നാക്കാൻ സുഹൃത്തിന് 40,000 രൂപയും നൽകണമായിരുന്നുവെന്നാണ് വിവരം. എന്നാൽ ഇതിന് കഴിയാത്ത മനോവിഷമത്തിലായിരുന്നു യൂസുഫ് എന്ന് പറയുന്നു.
അമ്പലത്തറ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഭാര്യ: ഫൗസിയ. മക്കൾ: റിസ്വാൻ, റിസ്വാന. സഹോദരങ്ങൾ: നുറൂദ്ദീൻ, ശരീഫ, പരേതനായ ബശീർ.