സംസ്ഥാന സമിതി അംഗത്വം രാജിവച്ചെങ്കിലുംബിജെപി വിട്ട് എങ്ങോട്ടുമില്ല, സംഘിയായി തുടരുന്നതില്‍
സന്തോഷം: അലി അക്ബര്‍
കൊച്ചി: സംസ്ഥാന സമിതി അംഗത്വം രാജിവച്ചെങ്കിലും ബിജെപി വിട്ട് എങ്ങോട്ടും പോകില്ലെന്ന് സംവിധായകൻ അലി അക്ബർ. ബിജെപിയുടെ ഒരു സാധാരണ മെമ്പറായി തുടരും. സംഘിയായി തുടരുന്നതില്‍ സന്തോഷം കണ്ടെത്തുന്നവനാണ് താനെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
പെരും നുണകളാണ് എന്നെ കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അലി അക്ബര്‍ ബിജെപി വിട്ടുപോയെന്ന് ചിലര്‍ പറയുന്നുണ്ട്. അതൊരിക്കലുമുണ്ടാകില്ല. താന്‍ പിടിച്ച താമര പറിച്ചുമാറ്റാന്‍ ശക്തി വിചാരിച്ചാലും നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.കെ.നസീറിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ പോലെ അഞ്ചോ ആറോ വര്‍ഷം മുമ്പ് പാര്‍ട്ടിയിലെത്തിയ ആളല്ല നസീര്‍. പാർട്ടിയിൽ ആൾക്കൂട്ടമുണ്ടാകും മുമ്പ് ബിജെപിയിൽ ചേർന്ന മുസ്ലിം യുവാവാണ് നസീർ.
ഒരു കമ്മിറ്റിയുടെ അംഗമായി കൊണ്ട് നസീറിന്റെ വിഷമത്തെ കുറിച്ച് സംസാരിക്കാനാകില്ല. ആരൊക്കെയാണ് പുതിയ കമ്മിറ്റിയിലെന്ന് എനിക്ക് നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല. ഉത്തരവാദിത്തം നിറവേറ്റാന്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതെന്നും അലി അക്ബര്‍ വ്യക്തമാക്കി.
സംസ്ഥാന ബിജെപി നേതൃത്വത്തിൽ ആഭ്യന്തരപ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് അലി അക്ബർ രാജിവച്ചത്. രാജി വ്യക്തിപരമാണെന്നും പക്ഷങ്ങളില്ലാതെ ഇനി മുൻപോട്ടു പോവാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അലി അക്ബർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു.
ഒരു മുസൽമാൻ ബിജെപിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസിലായില്ലെങ്കിലും രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും അലി അക്ബർ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.