പാൻ മസാല പരസ്യത്തിൽ നിന്ന് ബച്ചൻ പിൻമാറി; പണം തിരികെ നൽകി
ന്യുഡൽഹി: രാജ്യത്തെ പ്രമുഖ പാന്‍ മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് പിന്മാറി. പരസ്യപ്രചാരണത്തിനായി വാങ്ങിയ പണം താരം തിരികെ നൽകി.
പരസ്യത്തില്‍ പറയുന്ന പാന്‍ മസാലയെ കുറിച്ച് ശരിയായ അറിവില്ലായിരുന്നുവെന്നും വാങ്ങിയ പണം തിരിെക നല്കി കരാര്‍ അവസാനിപ്പിച്ചെന്നും ബച്ചൻ ബ്ലോഗിലൂടെ അറിയിച്ചു.
പരസ്യം സംപ്രേഷണം ചെയ്ത് ഒരാഴ്ചക്ക് ശേഷമാണ് ബച്ചന്റെ പിന്മാറ്റം. പള്‍സ് പോളിയോ പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അമിതാഭ് ബച്ചന് പാന്‍ മസാലയെ പ്രോത്സാഹിപ്പിക്കുന്നതിനെ നിരവധി പേർ വിമര്‍ശിച്ചിരുന്നു. ഫാൻസ് അസോസിയേഷനുകളും പ്രതിഷേധം അറിയിച്ചു.
പാന്‍ മസാല പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ നിന്ന് താരത്തിനോട് പിന്മാറണമെന്നും പുകയില വിരുദ്ധ പ്രചാരണത്തിനിറങ്ങണമെന്നും ബച്ചനോട് നാഷനൽ ഓർഗനൈസേഷൻ ഫോർ ടൊബാക്കോ ഇറാഡിക്കേഷൻ എന്ന സംഘടന അഭയർഥിച്ചിരുന്നു. തന്റെ 79ാം പിറന്നാള്‍ ദിനത്തിലായിരുന്നു താരം പരസ്യത്തിൽ നിന്ന് പിൻമാറിയത്.