കെ എസ് ആർ ടി സി ബസിടിച്ച് യുവതിക്കും ഒന്നരവയസുള്ള മകനും ദാരുണാന്ത്യം
മംഗ്ളുരു : കെ എസ് ആർ ടി സി ബസിടിച്ച് യുവതിയും ഒന്നരവയസുള്ള മകനും ദാരുണമായി മരിച്ചു. ബെൽത്തങ്ങാടി താലൂകിലെ ഷിർലാൽ സ്വദേശി സിദ്ദീഖിന്റെ ഭാര്യ ശാഹിദ (25), മകൻ ശഹീൽ എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഉപ്പിനങ്ങാടി ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടം നടന്നത്. സന്ദർശനത്തിനായി ഗേരുകട്ടയിലുള്ള അമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു ശാഹിദ. ഇതിനിടെ മകനോടൊപ്പം പുത്തൂരിലേക്ക് ഡോക്ടറെ കാണാനായി പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അതേസമയം കെ എസ് ആർ ടി സി ബസിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപിച്ച് സ്ഥലത്തുണ്ടായിരുന്നവർ പ്രതിഷേധിച്ചു. ഡ്രൈവറെ ഉപ്പിനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു.