വിനോദയാത്ര പോയിവന്ന ശേഷം സംശയം; ബംഗളൂരുവിൽ ഭാര്യയെ കുത്തിക്കൊന്ന 40കാരൻ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ സംശയത്തെ തുടർന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 40കാരൻ അറസ്റ്റിൽ. രൂപ എച്ച്.ജിയെ കൊലപ്പെടുത്തിയ കേസിൽ ബി.കെ. കന്തരാജുവാണ് അറസ്റ്റിലായത്.
കുടുംബാംഗങ്ങളുമായി വിവാഹേതര ബന്ധം പുലർത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. കന്തരാജുവും രൂപയും കുടുംബാഗങ്ങളും ചിക്കമംഗളൂരുവിലും പരിസര പ്രദേശങ്ങളിലും വിനോദയാത്ര പോയിരുന്നു. അവിടെവെച്ച് പ്രതി ഭാര്യ ബന്ധുക്കളായ രണ്ടുപേർക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടിരുന്നു.
വിനോദയാത്ര പോയി വന്നതിന് ശേഷം ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തിരുന്നു. വഴക്കിനിടെ രൂപയുടെ കഴുത്തിൽ കന്തരാജു സ്ക്രൂഡ്രൈവർ കൊണ്ടും പിന്നീട് കത്തികൊണ്ടും കുത്തുകയായിരുന്നു. ശേഷം സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. കൊലപാതകത്തിൽ പൊലീസ് കേസെടുക്കുകയും കന്തരാജുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.