ചികിത്സയുടെ മറവിൽ വൈദ്യനും ശിഷ്യനും ചെയ്തത് ആരും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ, വീട്ടിലെ കാഴ്ചകൾ കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു
വിതുര: വൈദ്യശാലയുടെ മറവിൽ ചാരായം വാറ്റും കഞ്ചാവ് വില്പനയും നടത്തുകയും കാട്ടുമൃഗങ്ങളുടെ ശരീരഭാഗങ്ങളും ഇവയെ വേട്ടയാടുന്നതിനുള്ള ആയുധങ്ങളും വെടിയുണ്ടയും കൈവശം വയ്ക്കുകയും ചെയ്ത വൈദ്യനും സഹായിയും അറസ്റ്റിൽ. വിതുര ജംഗ്ഷനിൽ അഗസ്ത്യ എന്ന ആയുർവേദ വൈദ്യശാല നടത്തുന്ന വിതുര പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69) സഹായി വിതുര കല്ലുവെട്ടാൻകുഴിയിൽ ഫിറോസ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സാബു (45) എന്നിവരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്.വിക്രമന്റെ പൊന്നാംചുണ്ടിലുള്ള വീട്ടിൽ നിന്ന് അരക്കിലോ കഞ്ചാവും മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ എന്നിവയുടെ ശരീരഭാഗങ്ങളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. സാബുവിന്റെ കൊപ്പത്തുള്ള വീട്ടിൽ നിന്ന് 30 വെടിയുണ്ടകളും 20 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി. പൊലീസ് എത്തിയപ്പോൾ ചാരായം വാറ്റുകയായിരുന്നു പ്രതി.ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നെടുമങ്ങാട് എ.എസ്.പി രാജ്പ്രസാദ്, വിതുര എസ്.എച്ച്.ഒ എസ്. ശ്രീജിത്, എസ്.ഐമാരായ എസ്.എൽ. സുധീഷ്, ഇർഷാദ്, എ.എസ്.ഐമാരായ സജു, സജികുമാർ, എസ്.സി.പിഒമാരായ പ്രദീപ്, രജിത്, സി.പി.ഒമാരായ ശ്യാം, വിനു, അനിൽ, സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ വെടിയുണ്ടകളും ആയുധങ്ങളും ശേഖരിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.