തൊടുപുഴ : സഹോദരനെ തല്ലിയത് പകരം ചോദിക്കാന്‍ സ്കൂളിലെത്തിയ യുവാവും സുഹൃത്തുക്കളും കഞ്ചാവുമായി പൊലീസ് പിടിയില്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിന്റെ പരിസരത്തുനിന്നാണ് രണ്ടു പൊതികളിലായി 11 ഗ്രാം കഞ്ചാവുമായി 4 വിദ്യാര്‍ഥികള്‍ പൊലീസ് പിടിയിലായത്.
പോളി ടെക്നിക്കിലും ഐടിഐയിലും പഠിക്കുന്നവരാണ് നാല് വിദ്യാര്‍ഥികളും . മുന്‍പ് പല കേസുകളിലും സംശയത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം നടത്തിവന്നവരാണ് ഇപ്പോള്‍ പിടിയിലായത്. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കടനാട് സ്വദേശി വല്യത്ത് ബിറ്റോ ബേബി (19), കുഞ്ചിത്തണ്ണി പുത്തന്‍വീട്ടില്‍ അനന്തു(22), മടക്കത്താനം ശ്രീശൈലത്തില്‍ അനന്തകൃഷ്ണന്(19), മുനിയറ പുത്തന്‍പുരയില്‍ അശ്വിന് സന്തോഷ്(18) എന്നിവരാണ് പിടിയിലായത്
സ്കൂള്‍ കുട്ടികള്‍ക്ക് കച്ചവടം ചെയ്യാനായി ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബിറ്റോ ബേബിയുടെ കാറില്‍ ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. ഇവരെ മുന്‍പും സ്കൂള്‍ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയുടെ ബാക്കിയാണ് ഇന്നലെ രാവിലെ സ്കൂള്‍ പരിസരത്ത് ഉണ്ടായത്. വിദ്യാര്‍ഥികള്‍ തമ്മില്‍ അടിയുണ്ടായതില് പരുക്കേറ്റ് ആശുപത്രിയിലായ സഹോദരനു വേണ്ടി പകരം ചോദിക്കാനാണ് ബിറ്റോ ബേബി തന്റെ കൂട്ടുകാര്‍ക്കൊപ്പം രാവിലെ തന്നെ സ്കൂളിനു മുന്നിലെത്തിയത്. സഹോദരനെ തല്ലിയ കുട്ടി സ്കൂളില്‍ കയറുന്നതിനു മുന്‍പ് വഴിയില്‍ നിര്‍ത്തി തല്ലാനായിരുന്നു പ്ലാന്‍
ഇതിനായി കാറുമായി വഴിയില്‍ നിലയുറപ്പിച്ച ‘കുട്ടി ഗുണ്ടാ സംഘത്തെ’ നാട്ടുകാര്‍ നോട്ടമിട്ടതോടെയാണ് ‘ക്വട്ടേഷന്‍’ പാളിയത്. പൊലീസ് എത്തി 4 പേരെയും വണ്ടിയിലാക്കി സ്ഥലം വിട്ടു. തുടര്‍ന്നു കാര്‍ പരിശോധിച്ചതോടെയാണ് ‘ട്വിസ്റ്റ്’. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 2 പൊതി കഞ്ചാവ് കണ്ടെടുത്തു. ഇതോടെ 4 പേരെയും തിരികെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കാറില്‍ നിന്ന് ബിറ്റോയുടെ അനിയന്റെ ഉത്തരക്കടലാസുകള്‍ മുതല്‍ ആയുര്‍വേദ ഗുളികകളും ഗര്‍ഭനിരോധന ഉറ വരെ കണ്ടെടുത്തു. കഴിഞ്ഞ ദിവസം അല്‍ അസര്‍ കോളജ് പരിസരത്തുനിന്ന് കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായ ആളുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും എസ്ഐ എം.പി.സാഗര്‍ പറഞ്ഞു.