ബിസിനസുകാരനെ ഹണിട്രാപിൽ കുടുക്കിയ കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ കോട്ടയത്ത് പിടിയിൽ
കോട്ടയം: ഫേസ്ബുകിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ലോഡ്ജിലെത്തിച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തെന്ന കേസിൽ കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ കോട്ടയത്ത് അറസ്റ്റിലായി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രഞ്ജിനി (28), കോട്ടയത്തെ സുബിൻ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. കേസിൽ എറണാകുളത്തെ ജസ്ലിന് ജോസിനെ (41) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 28 ന് ചേർത്തലയിലെ ലോഡ്ജിൽ വച്ചായിരുന്നു കേസിനാധാരമായ സംഭവം. പൊലീസ് പറയുന്നതിങ്ങനെ: കോട്ടയം വൈക്കം സ്വദേശിയായ ബിസിനസുകാരനുമായി രഞ്ജിനി ഫേസ്ബുകിലൂടെ അടുപ്പത്തിലാവുകയായിരുന്നു. യുവതിയുടെ ക്ഷണ പ്രകാരം ഇയാൾ സെപ്റ്റംബർ 28 ന് ചേർത്തലയിലെ ലോഡ്ജിലെത്തി. പിന്നാലെ സുബിനും കൃഷ്ണനും ഇവർ താമസിച്ച മുറിയിലെത്തി ബിസിനസുകാരനും യുവതിയും ഒപ്പമുള്ള ചിത്രങ്ങൾ പകർത്തി. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടർന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരൻ 1,35,000 രൂപയും ഇവർക്ക് കൈമാറി’.
ബാക്കി പണം കൈപ്പറ്റാനായി സംഘം വീട്ടിലെത്തിയപ്പോഴാണ് ജസ്ലിൻ ജോസ് കഴിഞ്ഞയാഴ്ച പിടിയിലായതെന്നും മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈക്കം ഡിവൈഎസ്പി എ ജെ തോമസ്, വൈക്കം എസ് എച് ഒ കൃഷ്ണന് പോറ്റി, എസ്ഐ അജ്മല്‍ ഹുസൈന് എന്നിവരടങ്ങിയ സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തത്. പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.