റേഷൻ കരിഞ്ചന്തക്ക് പുതിയ വഴികൾ; അരിക്ക് പകരം പണം കൊടുത്ത് പുതിയ തട്ടിപ്പ്
മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ ഒരുവിഭാഗം റേഷൻ വ്യാപാരികൾ റേഷനരി കരിഞ്ചന്തയിൽ നൽകുന്നതിന് പുതിയ വഴികളുമായി രംഗത്ത്. മട്ടാഞ്ചേരി, പള്ളുരുത്തി, ഫോർട്ട്കൊച്ചി മേഖലയിലെ ചില വ്യാപാരികളുടെ നേതൃത്വത്തിലാണ് ഇത്തരത്തിൽ റേഷനരി മറിച്ചുവിൽക്കുന്നത്. മുൻഗണന വിഭാഗം കാർഡ് ഉടമകളിൽപ്പെട്ട ചിലരെ ഫോണിലും മറ്റും വിളിച്ചുവരുത്തി അവരുടെ വിരലടയാളം പതിപ്പിച്ച ശേഷം പണം നൽകുകയാണ് രീതി.
ഭക്ഷ്യധാന്യങ്ങൾ ആവശ്യമില്ലാത്ത കാർഡുടമകൾക്കാണ് ഇത്തരത്തിൽ പണം നൽകുക. മുൻഗണന വിഭാഗം കാർഡുടമകൾക്ക് കാർഡിലെ ഒരംഗത്തിന് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ രണ്ട് രൂപ നിരക്കിൽ സംസ്ഥാന ഭക്ഷ്യ വകുപ്പ് നൽകുന്നുണ്ട്. ഇതിന് പുറമേ കേന്ദ്രസർക്കാർ സൗജന്യമായി ഒരംഗത്തിന് അഞ്ച് കിലോ വീതം നൽകുന്നുണ്ട്.
അഞ്ച് അംഗങ്ങളുള്ള ഒരു കാർഡിന് ഇങ്ങനെയെങ്കിൽ പ്രതിമാസം 50 കിലോ ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. മുൻഗണന വിഭാഗത്തിലെ മുപ്പത് ശതമാനത്തോളം കാർഡുകൾ അനർഹർ കൈവശം വെച്ചിട്ടുള്ളതായാണ് അറിയുന്നത്. ഇവർ റേഷൻ സാധനങ്ങൾ വാങ്ങി ഉപയോഗിക്കാറില്ല.
സർക്കാറിെൻറ മറ്റ് ആനുകൂല്യങ്ങൾക്ക് ഈ കാർഡ് ഉപയോഗിക്കാറാണ് പതിവ്. അത്തരത്തിെല കാർഡുടമകൾക്ക് അധിക വില നൽകിയാണ് ഒരു വിഭാഗം റേഷൻ വ്യാപാരികൾ അരി കൈവശപ്പെടുത്തുന്നത്. രണ്ട് രൂപ നിരക്കിലുള്ള അരിക്ക് എട്ട് രൂപ വെച്ച് നൽകുമെന്നാണറിയുന്നത്. റേഷൻ വ്യാപാരികൾക്ക് പുറെമ ചില ഏജൻറുമാരും ഇതിന് പ്രവർത്തിക്കുന്നുണ്ട് . ഇവർ അരി രണ്ട് രൂപ നിരക്കിൽ വാങ്ങുന്നവരിൽനിന്ന് കൂടുതൽ തുക നൽകി വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് ചില വീടുകളും പലചരക്ക് കടകളും പ്രവർത്തിക്കുന്നുണ്ട്.
ഇത്തരത്തിൽ ശേഖരിക്കുന്ന അരി ഏജൻറുമാർ 13 രൂപ നിരക്കിൽ മൊത്തമായി ഓട്ടോയിലും മറ്റും കൊണ്ടുപോകും. ഈ അരി നേരെ മില്ലുകളിലേക്കാണ് പോകുന്നതെന്നാണ് വിവരം.
പോർട്ടബിൾ സംവിധാനമായതിനാൽ ഇഷ്ടമുള്ള കടകളിൽനിന്ന് റേഷൻ വാങ്ങാമെന്നതിനാൽ ആളുകൾ കൂടുതലും അരിക്ക് പകരം പണം തരുന്ന കടകളിലേക്കാണ് പോകുന്നത്. ഇത് ശരിയായ രീതിയിൽ കട നടത്തുന്ന വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
അധികൃതരോട് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചിട്ടും കാര്യമായ നടപടിയുണ്ടായിെല്ലന്നും ആക്ഷേപമുണ്ട്.
അനർഹമായി മുൻഗണന റേഷൻകാർഡ് കൈവശം വെക്കുന്നവരെ കണ്ടെത്താൻ അധികൃതർ വീട് കയറി പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിട്ടും നടപടിയില്ലാത്ത അവസ്ഥയാണ്.
മാത്രമല്ല, റേഷൻ സബ്സിഡി ബാങ്കുകളിലേക്ക് സർക്കാർ നേരിട്ട് നൽകിയാൽ ഇത്തരം തട്ടിപ്പുകൾ ഒരുപരിധി വരെ പിടിച്ചുനിർത്താൻ കഴിയുമെന്നും ഒരു വിഭാഗം റേഷൻ വ്യാപാരികൾ പറയുന്നു.