കല്‍ക്കരി ക്ഷാമം: ഇരുട്ടിലേക്ക് കേരളവും; പ്രതിസന്ധി തുടര്‍ന്നാല്‍ സംസ്ഥാനത്ത് പവര്‍കട്ട്
തിരുവനന്തപുരം/ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമം വൈദ്യുതോല്‍പ്പാദനത്തെ ബാധിച്ചതിനാല്‍ കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തു പവര്‍കട്ടിനു സാധ്യത. മഴ മൂലം ഖനികളില്‍നിന്നുള്ള കല്‍ക്കരി നീക്കം തടസപ്പെട്ടതും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില കുതിച്ചുയര്‍ന്നതിനാല്‍ താപ വൈദ്യുതി നിലയങ്ങള്‍ ഉത്പാദനം കുറച്ചതുമാണു പ്രതിസന്ധിയിലേക്കു നയിക്കുന്നത്.
കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്തു പവര്‍കട്ട് വേണ്ടിവരുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. കേന്ദ്രത്തില്‍നിന്നു കിട്ടേണ്ട വൈദ്യുതിയില്‍ ആയിരം മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കൂടംകുളത്തുനിന്നു ലഭിക്കുന്നത് കിട്ടേണ്ടതിന്റെ 30 ശതമാനം മാത്രം. നിലവില്‍ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. എനര്‍ജി എക്സ്ചേഞ്ചില്‍നിന്നു വൈദ്യുതി വാങ്ങിയാണ് സംസ്ഥാനം പിടിച്ചു നില്‍ക്കുന്നത്.
പീക് ടൈമില്‍ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്താണ് കെ.എസ്.ഇ.ബി. ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇതു ബോര്‍ഡിനു വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പവര്‍കട്ട് നടപ്പാക്കേണ്ടിവന്നാലും വ്യവസായ മേഖലയ്ക്കു പ്രശ്നങ്ങളില്ലാത്ത രീതിയിലാകും ചെയ്യുകയെന്നു മന്ത്രി പറഞ്ഞു.
പ്രതിസന്ധി മുന്നില്‍ക്കണ്ട്, ഗാര്‍ഹിക ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നു കെ.എസ്.ഇ.ബി. അഭ്യര്‍ഥിച്ചിരുന്നു. കുറഞ്ഞതു രണ്ടാഴ്ചത്തേക്ക് ആവശ്യമായ കല്‍ക്കരി സ്റ്റോക്കുണ്ടാകേണ്ട സ്ഥാനത്ത് ഭൂരിപക്ഷം നിലയങ്ങളിലും മൂന്നോ നാലോ ദിവസത്തേക്ക് ആവശ്യമായതേ ശേഷിക്കുന്നുള്ളൂ. രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനവും കല്‍ക്കരി ഉപയോഗിച്ചാണെന്നതു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
കല്‍ക്കരി അധിഷ്ഠിത വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് പരിമിതമാണെന്ന് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ കണക്ക് പറയുന്നു. 135 നിലയങ്ങളില്‍ 106 എണ്ണത്തിലും കഷ്ടിച്ച് ഒരാഴ്ചത്തെ സ്റ്റോക്കേയുള്ളൂ എന്നാണ് ഒക്ടോബര്‍ അഞ്ചിലെ അവരുടെ കണക്ക്. ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ച് ഗുജറാത്തിന് 1850, പഞ്ചാബിന് 475, രാജസ്ഥാന് 380, മഹാരാഷ്ട്രയ്ക്ക് 760, ഹരിയാനയ്ക്ക് 380 മെഗാവാട്ട് വീതം വൈദ്യുതി നല്കിക്കൊണ്ടിരുന്ന ടാറ്റാ പവര്‍ ഗുജറാത്ത് മുന്ദ്ര നിലയത്തിലെ ഉത്പാദനം നിര്‍ത്തി.
എന്നാല്‍, കല്‍ക്കരി ക്ഷാമമില്ലെന്നും നിലയങ്ങളിലെ സ്റ്റോക്ക് കുറയുന്നതനുസരിച്ച് എത്തിച്ചുകൊടുക്കുന്നതിനാല്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും കല്‍ക്കരി മന്ത്രാലയം അവകാശപ്പെട്ടു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും താപനിലയങ്ങളില്‍ ശരാശരി അളവില്‍ കല്‍ക്കരി സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഊര്‍ജമന്ത്രി ആര്.കെ. സിങ് പറഞ്ഞു. ആശയദാരിദ്ര്യം ബാധിച്ച കോണ്‍ഗ്രസാണ് പരിഭ്രാന്തി പരത്തുന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നിലെന്നും മന്ത്രി പറഞ്ഞു.
കല്‍ക്കരി സ്റ്റോക്ക് കുറഞ്ഞതിനു 4 കാരണം
സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവില്‍ വൈദ്യുതിയുടെ ആവശ്യം കൂടി.
കല്‍ക്കരി ഖനി മേഖലകളിലെ കനത്ത മഴ മൂലം ചരക്കുനീക്കം തടസപ്പെട്ടു.
ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വിലവര്‍ധന
മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, യു.പി, രാജസ്ഥാന് സംസ്ഥാനങ്ങളിലെ കല്‍ക്കരി കമ്പനികളുടെ കുടിശിക.